2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് വിരാട് കോഹ്ലിയുടെയും അക്ഷർ പട്ടേലിന്റെയും ബാറ്റിങ്ങുമായിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായി. ഇത് ഇന്ത്യയെ വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്തു. ശേഷമാണ് അക്ഷർ പട്ടേലിന് ഇന്ത്യ പ്രമോഷൻ നൽകിയത്.
അഞ്ചാമനായി ക്രീസിലെത്തിയ അക്ഷർ പട്ടേൽ വിരാട് കോഹ്ലിയ്ക്കൊപ്പം ശക്തമായ ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു കെട്ടിപ്പടുത്തത്. മത്സരത്തിൽ 31 പന്തുകളിൽ 47 റൺസാണ് അക്ഷർ നേടിയത് ഒരു ബൗണ്ടറിയും 4 സിക്സറും അക്ഷറിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ആ സമയത്ത് തനിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടി വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് മത്സരശേഷം അക്ഷർ പറയുകയുണ്ടായി. എന്നിരുന്നാലും ബാറ്റിംഗിൽ മികവ് പുലർത്താൻ സാധിച്ചതിൽ തന്റെ സന്തോഷം അക്ഷർ പട്ടേൽ മറച്ചു വെച്ചില്ല. മാത്രമല്ല കിരീടം സ്വന്തമാക്കാൻ സാധിച്ചതിൽ തനിക്ക് അതിയായ അഭിമാനമുണ്ട് എന്നും അക്ഷർ പട്ടേൽ മത്സരശേഷം പറയുകയുണ്ടായി.
കഴിഞ്ഞ വർഷങ്ങളിൽ ഒന്നുംതന്നെ തനിക്ക് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല എന്ന് അക്ഷർ പറഞ്ഞിരുന്നു. അതിനാൽ തന്നെ ഇന്ത്യക്കായി മികവ് പുലർത്തണമെന്ന കൃത്യമായ ഉദ്ദേശത്തോടെയാണ് താൻ ലോകകപ്പിലേക്ക് എത്തിയത് എന്നും അക്ഷർ കൂട്ടിച്ചേർത്തു.
“ഈ ലോകകപ്പ് വിജയം എന്നെ സംബന്ധിച്ച് എല്ലാമെല്ലാമാണ്. ഈ ലോകകപ്പിലേക്ക് ഞാൻ എത്തുമ്പോൾ എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ എനിക്ക് നിരന്തരമായി പരിക്ക് ഏൽക്കുകയുണ്ടായി. മാത്രമല്ല കൃത്യമായ രീതിയിൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും എനിക്ക് സാധിച്ചിരുന്നില്ല.”
“അതിനാൽ ഇന്ത്യക്കായി എന്തെങ്കിലും ചെയ്യണമെന്ന കൃത്യമായ കണക്കുകൂട്ടലോടെയാണ് ഞാൻ ഇങ്ങോട്ട് എത്തിയത്. ഇപ്പോൾ എനിക്ക് വലിയ അഭിമാനം തോന്നുന്നു. ഫൈനൽ മത്സരത്തിലും കാര്യങ്ങൾ വളരെ ലളിതമായി കാണാനാണ് ഞാൻ ശ്രമിച്ചത്. മറ്റൊരു മത്സരം പോലെയാണ് ഞാൻ ഈ മത്സരത്തെയും കണ്ടത്.”- അക്ഷർ പറഞ്ഞു.
“അതാണ് എനിക്ക് ഗുണം ചെയ്തതെന്നും ഞാൻ കരുതുന്നു. ഞാൻ ബാറ്റിങ്ങിനായി എത്തുമ്പോൾ എന്റെ മനസ്സിൽ കുറച്ചു ചിന്തകൾ ഉണ്ടായി. ഞാൻ ഔട്ടായാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ പറ്റി ഞാൻ ചിന്തിച്ചില്ല. രോഹിത് ഒരു അവിശ്വസനീയ നായകനാണ്. ഈ ടൂർണമെന്റിൽ വളരെ നന്നായി ഇന്ത്യയെ നയിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. രാഹുൽ ഭായ് ഞങ്ങളോട് പറഞ്ഞത് മൈതാനത്ത് അധികം സമ്മർദ്ദം എടുക്കാതെ ആസ്വദിച്ചു കളിക്കാനാണ്.”
“മത്സരത്തിന്റെ തുടക്കത്തിൽ ഞാൻ ഇത്ര നേരത്തെ ഇറങ്ങേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. പക്ഷേ പെട്ടെന്ന് ഞങ്ങൾക്ക് 3 വിക്കറ്റുകൾ നഷ്ടമാവുകയും രാഹുൽ ഭായ് എന്നോട് ബാറ്റിംഗ് ചെയ്യാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ബാറ്റിംഗിനെ പറ്റി ഒരുപാട് ചിന്തിക്കാനുള്ള സമയം അപ്പോൾ കിട്ടിയിരുന്നില്ല. അത് എനിക്ക് സഹായകരമായി എന്ന് തോന്നുന്നു.”- അക്ഷർ കൂട്ടിച്ചേർത്തു.