2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് വിജയം സ്വന്തമാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നു. മത്സരത്തിൽ രാജസ്ഥാനായി നായകൻ സഞ്ജു സാംസൺ തന്നെയാണ് മുൻപിലേക്കിറങ്ങി പടപൊരുതിയത്. മത്സരത്തിൽ 52 പന്തുകളിൽ 82 റൺസുമായാണ് സഞ്ജു സാംസൺ കളം നിറഞ്ഞത്.
ഇന്നിങ്സിൽ 3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു. സഞ്ജുവിന്റെ മത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മത്സരത്തിനിടെ സഞ്ജു കളിച്ച ഒരു ഷോട്ട് തന്നെയും അമ്പട്ടി റായിഡുവിനെയും അത്ഭുതപ്പെടുത്തി എന്ന് പത്താൻ പറഞ്ഞു.
ബാറ്റിംഗിനിടെ സഞ്ജു ഓഫ് സൈഡിൽ കളിച്ച ഒരു ഷോട്ടാണ് തന്നെ ഞെട്ടിച്ചത് എന്ന് പത്താൻ പറയുന്നു. മാത്രമല്ല അസാമാന്യ പ്രതിഭയില്ലാത്ത ഒരു താരത്തിന് ഇത്തരത്തിലുള്ള ഷോട്ടുകൾ കളിക്കാൻ സാധിക്കില്ല എന്നും പത്താൻ അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ സഞ്ജുവിന്റെ മിടുക്ക് ഈ ഷോട്ടിലൂടെ വ്യക്തമാണെന്നാണ് പത്താൻ പറഞ്ഞത്. “സ്പിന്നിനെതിരെ സഞ്ജു സാംസൺ കളിക്കുന്ന രീതി വളരെയധികം പ്രശംസ അർഹിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും നന്നായി സ്പിന്നർമാരെ നേരിടുന്ന ആദ്യ 5 ബാറ്റർമാരെ കണക്കിലെടുത്താൽ അതിൽ സഞ്ജുവിന്റെ പേരുണ്ടാവും.”- ഇർഫാൻ പറയുന്നു.
“പേസ് ബോളന്മാർക്കെതിരെ വളരെ നന്നായി കളിക്കുന്ന താരമാണ് സഞ്ജു സാംസൺ എന്ന് നമുക്കെല്ലാം അറിയാം. അതുപോലെതന്നെ ബാക്ക് ഫുഡിൽ മികച്ച ഷോട്ടുകൾ കളിക്കാൻ സഞ്ജുവിന് സാധിക്കുന്നു. എന്തായാലും ഇന്നലെ മനോഹരമായ ഒരു ഇന്നിങ്സ് തന്നെയാണ് സഞ്ജു കാഴ്ചവച്ചത്. രാജസ്ഥാന്റെ ഇന്നിംഗ്സിനെ പൂർണമായും നിയന്ത്രിക്കാൻ സഞ്ജുവിന് സാധിച്ചു.”
“മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 2 വിക്കറ്റുകൾ നഷ്ടമായിട്ടും സഞ്ജു തന്റേതായ രീതിയിൽ കളിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. പ്രതിരോധിക്കേണ്ട സമയത്ത് ബോളുകളെ പ്രതിരോധിച്ചും വമ്പൻ ഷോട്ട് കളിക്കേണ്ട സമയത്ത് വമ്പൻ ഷോട്ടുകൾ കളിച്ചും സഞ്ജു മികവു കാട്ടി. സഞ്ജുവിന്റെ കളി കാണുക എന്നത് തന്നെ വളരെ ആസ്വാദ്യകരമാണ്.”- പത്താൻ കൂട്ടിച്ചേർത്തു.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ സഞ്ജുവിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 4 വിക്കറ്റുകൾ നഷ്ടത്തിൽ 192 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിൽ പല സമയത്തും ലഖ്നൗ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കേവലം 173 റൺസിന് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. മത്സരത്തിലെ മികച്ച പ്രകടനം വരും മത്സരങ്ങളിലും ആവർത്തിക്കാനാണ് സഞ്ജു സാംസൺ ശ്രമിക്കുന്നത്.