പ്രായമെത്രയായാലും അവൻ എന്നും ഫിനിഷർ തന്നെ. 10 പന്തിൽ 28 റൺസുമായി കാർത്തിക്കിന്റെ ഫിനിഷ്.

DK

പഞ്ചാംബ് കിംഗ്സിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂരിന് ലഭിച്ചത്. പ്രധാനമായും വിരാട് കോഹ്ലി എന്ന സൂപ്പർതാരത്തിന്റെ ബാറ്റിംഗ് മികവാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 49 പന്തുകളിൽ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 77 റൺസാണ് വിരാട് മത്സരത്തിൽ നേടിയത്.

എന്നാൽ കോഹ്ലി നിർണായകമായ സമയത്ത് പുറത്തായത് ബാംഗ്ലൂരിനെ ബാധിച്ചിരുന്നു. ശേഷം ദിനേശ് കാർത്തിക് ക്രീസിലെത്തുകയും സമയോചിതമായ രീതിയിൽ ഫിനിഷിംഗ് കാഴ്ചവയ്ക്കുകയും ചെയ്തു. 10 പന്തുകളിൽ 28 റൺസ് നേടിയാണ് കാർത്തിക് ബാംഗ്ലൂർ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്.

മത്സരത്തിന്റെ പതിനേഴാം ഓവറിൽ ബാംഗ്ലൂരിന് നഷ്ടമായത് നിർണായകമായ വിരാട് കോഹ്ലിയുടെ വിക്കറ്റാണ്. ശേഷം അടുത്ത ഓവറിൽ അനുജ് രാവത്തും കൂടാരം കയറിയതോടെ ബാംഗ്ലൂർ വിയർത്തു. മാത്രമല്ല വലിയൊരു വിജയലക്ഷ്യം ബാംഗ്ലൂരിന് മുൻപിൽ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് ദിനേശ് കാർത്തിക് ഹീറോയായി അവതരിച്ചത്.

പതിനേഴാം ഓവറിലെ അഞ്ചാം പന്തിൽ സാം കരനെതിരെയാണ് ദിനേശ് കാർത്തിക് തന്റെ ആദ്യ ബൗണ്ടറി നേടിയത്. ശേഷം മത്സരത്തിന്റെ അവസാന രണ്ട് ഓവറുകളിൽ കാർത്തിക്കിന്റെ പ്രതാപകാല താണ്ഡവം തന്നെയാണ് കാണാൻ സാധിച്ചത്.

അവസാന രണ്ട് ഓവറുകളിൽ ബാംഗ്ലൂരിന് വിജയിക്കാൻ വേണ്ടിയിരുന്നത് 23 റൺസ് ആയിരുന്നു. ഹർഷൽ പട്ടേൽ വളരെ മികച്ച രീതിയിൽ തന്നെ 19ആം ഓവർ ആരംഭിച്ചു. എന്നാൽ ഓവറിലെ മൂന്നാം പന്ത് കാർത്തിക് അതി വിദഗ്ധമായി ബൗണ്ടറി കടത്തുകയും ചെയ്തു. ഓവറിലെ അഞ്ചാമത്തെ പന്ത് ഒരു സ്ലോ ബോളായി എറിയാനാണ് ഹർഷൽ ശ്രമിച്ചത്.

Read Also -  "പവർപ്ലേ ഓവറുകളിൽ നന്നായി പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചു" - വിജയ കാരണം വെളിപ്പെടുത്തി സഞ്ജു.

ഇത് നേരത്തെ മനസ്സിലാക്കിയ കാർത്തിക് തന്റെ ഓഫ് സൈഡിലേക്ക് കയറി ഒരു തകർപ്പൻ പുൾ ഷോട്ട് കളിക്കുകയായിരുന്നു. ഈ സിക്സറോടുകൂടിയാണ് മത്സരം ബാംഗ്ലൂരിന്റെ കൈപ്പിടിയിലേക്ക് വന്നത്. എന്നിരുന്നാലും അവസാന ഓവറിൽ 10 റൺസ് ബാംഗ്ലൂരിന് വിജയിക്കാൻ വേണ്ടിയിരുന്നു.

പക്ഷേ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ അർഷദീപ് സിംഗിനെതിരെ ഒരു വെടിക്കെട്ട് സിക്സർ സ്വന്തമാക്കി കാർത്തിക് തന്റെ ഫിനിഷിംഗ് പാരമ്പര്യം തുറന്നു കാട്ടി. ആദ്യ പന്തിലെ സിക്സോടുകൂടി പൂർണമായും മത്സരം ബാംഗ്ലൂരിന്റെ പിടിയിലായി. ശേഷം രണ്ടാം പന്തിൽ ബോളറുടെ തലയ്ക്കു മുകളിലൂടെ ഒരു കിടിലൻ ഷോട്ട് കളിച്ച് കാർത്തിക് ബാംഗ്ലൂരിന് ഈ സീസണിലെ ആദ്യ വിജയം സമ്മാനിച്ചു. മത്സരത്തിൽ 10 പന്തുകൾ നേരിട്ട കാർത്തിക് 3 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 28 റൺസാണ് നേടിയത്. ഇതോടെ 4 വിക്കറ്റ് വിജയവും ബാംഗ്ലൂരിന് ലഭിച്ചു.

Scroll to Top