ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.
ട്രെവർ ചാപ്പൽ എന്ന മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ തന്റെ ജീവിത സായാഹ്നത്തിൽ ഗോൾഫ് കളിയും കുട്ടികൾക്ക് കോച്ചിങ്ങും മറ്റുമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ ഓരം ചേർന്ന് എവിടെയോ ഉണ്ട്. ഈ മുൻ ക്രിക്കറ്ററെ ലോകം അറിയുന്നത് 1981ൽ ന്യൂസിലാന്റിനെതിരായ മത്സരത്തിൽ അവസാന പന്തിൽ ന്യൂസിലാന്റിന് ജയിക്കാൻ സിക്സർ വേണമെന്നിരിക്കെ, കുപ്രസിദ്ധമായ “അണ്ടർ ആം ബൗൾ ” ചെയ്തയാൾ എന്ന് മാത്രമാണ്. ആ പ്രവൃത്തി അക്കാലത്ത് നിയമ വിധേയമായിട്ടു കൂടി, സോഷ്യൽ മീഡിയകളും ഇന്റർനെറ്റും ഇല്ലാത്ത, ടി വി തന്നെ വിരളമായ കാലമായിട്ടും ക്രിക്കറ്റ് ലോകം ഒന്നടങ്കം വിമർശിച്ചു. മാന്യൻമാരുടെ കളിക്കു ചേരാത്ത പ്രവൃത്തി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച അന്നത്തെ ക്യാപ്റ്റനും ട്രെവറിന്റെ സഹോദരനുമായ ഗ്രെഗ് ചാപ്പൽ ആകട്ടെ പിന്നീട് കളിയിലും കോച്ചിങ് കരിയറിലും ഉയരങ്ങളിലെത്തി എന്നത് വിരോധാഭാസം.
ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മൽസരത്തിൽ ബോൾ ടാമ്പറിങ് (നിയമപ്രകാരം അനുവദനീയമല്ലാത്ത വസ്തുക്കൾ കൊണ്ട് പന്തിന്റെ ആകൃതിയിൽ എന്തെങ്കിലും മാറ്റം വരുത്തി, പന്തിന്റെ മൂവ്മെന്റിലൊക്കെ വ്യത്യാസം വരുത്തൽ. ഇവിടെ ചെയ്തത് സാന്റ് പേപ്പറിൽ ലേശം മൺ തരി ചേർത്ത് പന്തിൽ ഉരച്ചാൽ പഴയൊരു പന്തിന് കിട്ടുന്ന മൂവ്മെന്റ് കിട്ടിയേക്കാം എന്ന രീതിയിൽ കൃത്രിമം കാണിച്ചത്. ) നടത്തിയ ഓസ്ട്രേലിയക്കാരൻ ബാൻക്രോഫ്റ്റിനെയും അതിന് കൂട്ടുനിന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയും ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കിയത് വൻ വാർത്തയായിരുന്നു. സ്മിത്തും വാർണറുമൊക്കെ പ്രസ് മീറ്റിങ്ങിൽ ഒന്നു കരഞ്ഞപ്പോൾ സഹതാപം അണപൊട്ടിയ അണികളും ചില മുൻ താരങ്ങളുമൊക്കെ ശിക്ഷ കൂടിപ്പോയി എന്നു വിലപിക്കുന്ന അവസ്ഥ വരെയായി.
നമുക്കുമുണ്ടായിരുന്നു ഒരു ക്രിക്കറ്റർ – 90 തവണ ഇന്ത്യൻ ജേഴ്സിയണിഞ്ഞ, നിരവധി അവിസ്മരണീയമായ ബൗളിങ് പ്രകടനങ്ങൾ നടത്തിയ, മൂന്നു തവണ അന്താരാഷ്ട്ര തലത്തിൽ മാൻ ഓഫ് ദ മാച്ച് ആയ, ബ്രയാൻ ലാറയെയും ജാക്ക് കാലിസിനെയും മാത്യു ഹെയ്ഡനെയുമൊക്കെ വിറപ്പിച്ച ശ്രീശാന്ത്. ഇന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ. അഞ്ചു വർഷം മുമ്പ് IPL മത്സരത്തിൽ ഒത്തുകളി വിവാദത്തിൽ അകപ്പെട്ട് കരിയർ നഷ്ടപ്പെട്ട പ്രതിഭ.
നമുക്ക് ഓസ്ട്രേലിയക്കാർ ചെയ്തതും ശ്രീശാന്ത് ചെയ്തെന്ന് പറയപ്പെടുന്നതുമായ കാര്യങ്ങൾ നോക്കാം….
# ബോൾ ടാമ്പറിങ് എന്നത് നിയമവിരുദ്ധമെന്ന് അറിഞ്ഞു കൊണ്ടു തന്നെ അതിലേർപ്പെട്ടു. പിടിക്കപ്പെട്ടപ്പോൾ കുറ്റം സമ്മതിക്കലും ഒരു വർഷം ( മാത്രം) വിലക്ക് വന്നപ്പോൾ ( ജന രോഷം കൊണ്ടും ) മീഡിയക്കു മുന്നിൽ കരച്ചിൽ. കോച്ച് ലീമാനും മറ്റ് സപ്പോർട്ടിങ്ങ് സ്റ്റാഫും അറിയാതെ ഇതൊന്നും നടക്കില്ലെന്ന അരമന രഹസ്യം, ലീമാന്റെ രാജിയോടെ അങ്ങാടിപ്പാട്ടായി.
# ടീമിന്റെ ഉത്തരവാദിത്തമുള്ള ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും, ഒരു പുതുമുഖത്തെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയും അത് ക്രിക്കറ്റിനു തന്നെ കളങ്കം വരുത്തുകയും ചെയ്തത്, ക്ലബ് മത്സരത്തിലല്ല, മറിച്ച് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരമ്പരാഗത ടെസ്റ്റ് മത്സരത്തിലാണ്.
# ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇവർക്ക് നൽകിയ വിലക്ക് ഒരു വർഷത്തേക്ക് അന്താരാഷ്ട്ര മത്സരം കളിക്കരുത് എന്ന് മാത്രമാണ്.
വീണ്ടും ശ്രീശാന്തിലേക്ക് മടങ്ങി എത്താം. 2013 ൽ IPL രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുമ്പോൾ ബെറ്റിങ് ഏജൻസികളുമായി ബന്ധം പുലർത്തി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഒരു രാജ്യം മുഴുവൻ ശപിച്ച ആ ക്രിക്കറ്ററെ കാത്തിരുന്നത് കടുത്ത അപമാനത്തിന്റെയും പീoനത്തിന്റെയും നാളുകളായിരുന്നു. നീണ്ട ജയിൽവാസം, പരസ്യമായ തെളിവെടുപ്പുകൾ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വക എല്ലാതരം ക്രിക്കറ്റിൽ നിന്നും വിലക്ക്, വീട്ടുകാരെപ്പോലും വെറുതെ വിടാത്ത നമ്മുടെ നാട്ടുകാർ എന്നീ അഗ്നിപരീക്ഷണങ്ങളിലൂടെ അയാൾ കടന്നു പോയി. ഒടുവിൽ നീണ്ട കാത്തിരിപ്പിനു ശേഷം കോടതി വിധി അദ്ദേഹത്തിന് അനുകൂലമായി . എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആകട്ടെ അദ്ദേഹത്തിന്റെ വിലക്ക് നീക്കാനോ, സ്കോട്ടിഷ് ലീഗിൽ കളിക്കാൻ NOC കൊടുക്കാനോ പോലും തയ്യാറായില്ല. ശ്രീശാന്ത് അതിനിടയിൽ തന്നെ രാഷ്ട്രീയത്തിന്റെയും സിനിമയുടെയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെയുമൊക്കെ പിന്നാമ്പുറങ്ങളിൽ അഭയം പ്രാപിച്ചിരുന്നു. ഇനി വിലക്കുകൾ നീങ്ങിയാലും, അപ്രഖ്യാപിത വിലക്കുകൾ മറികടന്ന് ഈ 36 ആം വയസ്സിൽ ഗ്രൗണ്ടിലേക്കുള്ള മടങ്ങിവരവ് മിക്കവാറും അസാധ്യമാണ്.
ശ്രീശാന്ത് കോഴ വാങ്ങി, ഓസ്ട്രേലിയക്കാർ കാണിച്ചത് കൃത്രിമത്വം മാത്രമാണ് എന്നു വാദിക്കുന്നവർ തുടർന്ന് വായിക്കുക; അല്ലാത്തവരും …
# ശ്രീശാന്ത് കുറ്റം ചെയ്തിട്ടില്ല എന്നത് തെളിയിച്ചത് കോടതിയിലാണ്.
# IPL എന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് വരുമാനം കൂട്ടാനുള്ള ഒരു മാർഗം മാത്രമാണ്. മിക്കവാറും ക്രിക്കറ്റ് ബോർഡുകളൊക്കെ ഇതൊക്കെ നടത്തുന്നുണ്ട്.
# സാമ്പത്തിക തട്ടിപ്പ് വിവാദത്തിൽ കുടുങ്ങിയ ലളിത് മോദി (IPL സ്ഥാപക ചെയർമാൻ) യെ നമുക്ക് മറക്കാതിരിക്കാം.
# IPL ഗവേർണിങ് കൗൺസിലിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതാണ് ശ്രീശാന്തിനെതിരെയുള്ള കുറ്റം. അതേ സമയം കോഴ – ഒത്തുകളി ആരോപണം നേരിട്ട ആറു ഇന്ത്യൻ താരങ്ങളുടെ പേരു വെളിപ്പെടുത്താൻ ബോർഡ് തയ്യാറായില്ല.
# ഒത്തുകളി വിവാദത്തെ തുടർന്ന് 2015-2017 സീസണിൽ പുറത്തിരിക്കേണ്ടി വന്ന രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഈ സീസണിൽ തിരിച്ച് വന്നു എന്നത് വേറൊരു വിരോധാഭാസം.
# വിവിധ രാജ്യങ്ങളിൽ അന്താരാഷ്ട്ര, ലീഗ് തലങ്ങളിൽ ആരോപണം നേരിട്ട് ശിക്ഷ വാങ്ങിയ മൊഹമ്മദ് ആമിർ, മൊഹമ്മദ് ആസിഫ്, ഉപുൽ തരംഗ, ചമര സിൽവ, ചമര കപൂഗേദര എന്നിവരൊക്കെ ആജീവനാന്ത വിലക്ക് ഭീഷണി മറികടന്ന് ഇപ്പോഴും കളിയിൽ സജീവം.
കൃത്രിമം കാണിക്കലും ഒത്തുകളി ആരോപണവും രണ്ടും രണ്ടായേക്കാം. എന്നാൽ കോടതി വെറുതെ വിട്ട ഒരു കളിക്കാരന്റെ കരിയർ നശിപ്പിച്ചതിന് എല്ലാ തലങ്ങളിൽ ഉള്ളവർക്കും അവരവരുടേതായ പങ്കുണ്ട്.