സ്റ്റോക്സിനെ ഒഴിവാക്കി ചെന്നൈ, ആർച്ചറെ മടക്കി മുംബൈ, റസലിനെ ഉപേക്ഷിച്ച് കൊൽക്കത്ത. 2024ൽ മാറ്റങ്ങളുമായി ടീമുകൾ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള താരലേലം നടക്കുന്നത് ഡിസംബർ 19നാണ്. കഴിഞ്ഞ സീസണിൽ ലേലത്തിലൂടെ വമ്പൻ താരങ്ങളെയൊക്കെയും തങ്ങളുടെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളയൊക്കെയും ഇത്തവണ ഒഴിവാക്കാൻ തയ്യാറാവുകയാണ് ഐപിഎൽ ടീമുകൾ. വമ്പൻ വിലകൊടുത്ത് വാങ്ങിയ താരങ്ങളെ 2024 സീസണിന് മുൻപായി തങ്ങളുടെ ടീമിൽ നിന്ന് പുറത്താക്കി ഫ്രാഞ്ചൈസികൾ രംഗത്ത് എത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ വമ്പൻ താരങ്ങളെ ഒഴിവാക്കിയ ഐപിഎൽ ടീമുകളെ പരിശോധിക്കണം.

ചെന്നൈ സൂപ്പർ കിംഗ്സാണ് ഇത്തവണ വമ്പൻ താരങ്ങളെ തങ്ങളുടെ ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലേലത്തിൽ 16.25 കോടി രൂപയ്ക്ക് തങ്ങൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനെ ചെന്നൈ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേവലം കുറച്ചു മത്സരങ്ങളിൽ മാത്രമായിരുന്നു സ്റ്റോക്സിന് കളിക്കാൻ സാധിച്ചത്. മത്സരങ്ങളിൽ മികവ് പുലർത്താനും സ്റ്റോക്സിന് സാധിച്ചില്ല.

ഒപ്പം പരിക്കും സ്റ്റോക്സിനെ ഇടയ്ക്കിടെ പിടികൂടുന്നതിനാൽ ചെന്നൈ സ്റ്റോക്സിനെ ഒഴിവാക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അമ്പട്ടി റായിഡുവിനെയും ചെന്നൈ ഒഴിവാക്കിയിട്ടുണ്ട്. 6.75 കോടി രൂപയ്ക്കാണ് റായിഡുവിനെ ചെന്നൈ കഴിഞ്ഞ സീസണിൽ ടീമിൽ എത്തിച്ചത്. ഇവർക്കൊപ്പം ജാമിസൺ, സിസ്സാണ്ടാ മഗാല, സിമ്രൻജിത്ത് സിംഗ്, ഷേക്ക് റഷീദ് എന്നിവരെ ചെന്നൈ ഒഴിവാക്കിയിരിക്കുന്നു.

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ യുവ താരങ്ങളായ പൃഥ്വി ഷാ, മനീഷ് പാണ്ഡെ എന്നിവരെ ഒഴിവാക്കിയാണ് തങ്ങളുടെ ലിസ്റ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ബോളർമാരായ മുസ്തഫീസുർ റഹ്മാൻ, ലുങ്കി എങ്കിഡി, റിപ്പൽ പട്ടേൽ എന്നിവരെയും ഡൽഹി ഒഴിവാക്കിയിട്ടുണ്ട്. 2024 ഐപിഎൽ സീസണിന് മുമ്പായി വലിയ ഒഴിവാക്കലുകൾ നടത്താത്ത ഫ്രാഞ്ചൈസി ഗുജറാത്താണ്. യാഷ് ഡയാൽ, ഷനക, ഒടിയൻ സ്മിത്ത്, പ്രദീപ് സാങ്വാൻ, ഉർവിൽ പട്ടേൽ എന്നിവരെയാണ് ഗുജറാത്ത് ഒഴിവാക്കിയിട്ടുള്ളത്. തങ്ങളുടെ വമ്പൻ താരങ്ങളെയാണ് ഇത്തവണ കൊൽക്കത്ത ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 12 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിയ ആന്ദ്രേ റസലിനെ ഇത്തവണ അവർ ഉപേക്ഷിക്കും എന്നാണ് റിപ്പോർട്ടുകൾ.

റസലിനൊപ്പം 10 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിയ ലോക്കി ഫെർഗുസൺ, ഒരു കോടി രൂപയ്ക്ക് ടീമിലെത്തിയ ഡേവിഡ് വിസ എന്നിവരെയും കൊൽക്കത്ത ഒഴിവാക്കുന്നു. ലക്നൗ ടീം തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കുന്ന സൂപ്പർ താരം ആവേഷ് ഖാനാണ്, 10 കോടി രൂപയ്ക്ക് ആയിരുന്നു ഇന്ത്യൻ പേസറെ ലക്നൗ തങ്ങളുടെ ടീമിൽ എത്തിച്ചത്. മുംബൈ ഇന്ത്യൻസ് 2024 സീസണിന് മുമ്പ് ഒഴിവാക്കിയിരിക്കുന്ന സൂപ്പർ താരം ജോഫ്ര ആർച്ചറാണ്. എട്ടുകോടി രൂപയ്ക്ക് ആയിരുന്നു ആർച്ചർ മുംബൈയുടെ ടീമിലെത്തിയത്. പഞ്ചാംബ് കിംഗ്സ് തങ്ങളുടെ ടീമിൽ നിന്ന് രാഹുൽ ചാഹറിനെ ഒഴിവാക്കിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് ജയ്സൺ ഹോൾഡർ, ജോ റൂട്ട് എന്നിവരെ ഒഴിവാക്കിയിരിക്കുന്നു.

10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഹർഷൽ പട്ടേലിനെയും, 5.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ദിനേശ് കാർത്തിക്കിനെയുമാണ് ബാംഗ്ലൂർ ഇത്തവണ പുറത്താക്കിയിരിക്കുന്നത്. ഒപ്പം അനുജ് റാവത്ത്, ഫിൻ അലൻ എന്നിവരെയും ബാംഗ്ലൂർ ടീമിൽ നിന്ന് ഒഴിവാക്കുന്നു. കഴിഞ്ഞ സീസണിൽ റെക്കോർഡ് തുകയായ 13.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഹാരി ബ്രുക്കിനെ സൺറൈസേഷൻ ഹൈദരാബാദും പുറത്താക്കിയിട്ടുണ്ട്. ഒപ്പം 8.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മായങ്ക് അഗർവാളിനെയും 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ അദിൽ റഷീദിനെയും സൺറൈസേഴ്സ് ഒഴിവാക്കുന്നു. എന്നാൽ ഈ വിവരങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല.

Previous articleപ്രതീക്ഷയുടെ ഭാരം മാറ്റിവയ്ച്ച്, ഞങ്ങൾ ഓരോ മത്സരങ്ങളും വിജയിച്ചു മുന്നേറുന്നു. രോഹിത് ശർമയുടെ വാക്കുകൾ.
Next articleരോഹിതിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് നേടും. അവന്റെ ശൈലി ഇന്ത്യയെ രക്ഷിക്കുമെന്ന് ഗംഭീർ.