രോഹിതിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് നേടും. അവന്റെ ശൈലി ഇന്ത്യയെ രക്ഷിക്കുമെന്ന് ഗംഭീർ.

20231112 145344

2023 ഏകദിന ലോകകപ്പിൽ ഇതുവരെ വമ്പൻ പ്രകടനങ്ങൾ മാത്രമാണ് ഇന്ത്യൻ ടീം പുറത്തെടുത്തിട്ടുള്ളത്. ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടുകൂടി ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിനെ പറ്റി വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന് കിരീടം ചൂടാനുള്ള വലിയ സാധ്യത തന്നെ മുൻപിലുണ്ട് എന്ന് ഗൗതം ഗംഭീർ പറയുന്നു. 2015ലെയും 2019ലെയും ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കിരീട സാധ്യതയാണ് രോഹിത് നയിക്കുന്ന ടീമിനുള്ളത് എന്ന് ഗംഭീർ വിശ്വസിക്കുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിൽ സ്ഥിരതയോടെ മുന്നോട്ട് പോകാൻ ഇന്ത്യൻ ടീമിന് ഇപ്പോൾ സാധിക്കുന്നുണ്ട് എന്നാണ് ഗംഭീർ വിലയിരുത്തുന്നത്.

സ്പോർട്സ് കീഡയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഗംഭീർ ഇക്കാര്യം വിശദീകരിച്ചത്. “2023 ഏകദിന ലോകകപ്പിൽ ഇന്ത്യ വിജയിക്കാനുള്ള സാധ്യത വളരെയധികമാണ്. 2015 നേക്കാളും 2019 നേക്കാളും ഇത്തവണ ഇന്ത്യയ്ക്ക് കിരീടം ചൂടാനുള്ള സാധ്യതയുണ്ട്. ഇത് പ്രധാനമായും ഇന്ത്യൻ നായകന്റെ ശൈലി കൊണ്ട് തന്നെയാണ്. നിലവിലെ ഇന്ത്യൻ ടീം പൂർണമായും ഇന്ത്യൻ നായകനെ പിന്തുടരുകയും അനുസരിക്കുകയുമാണ് ചെയ്യുന്നത്. രോഹിത് ശർമ ഇത്തവണ കൂടുതൽ സമയം ബാറ്റിംഗ് ക്രീസിൽ തുടരാൻ ശ്രമിച്ചിരുന്നുവെങ്കിൽ അയാൾക്ക് ഈ ലോകകപ്പിൽ 3-4 സെഞ്ചുറികൾ നേടാൻ സാധിക്കുമായിരുന്നു.”- ഗംഭീർ പറഞ്ഞു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

“എന്നാൽ ഇത്തരം വലിയ ടൂർണമെന്റുകളിൽ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കുന്നതിലല്ല കാര്യം. നമുക്ക് ദ്വിരാഷ്ട്ര പരമ്പരകളിൽ റെക്കോർഡുകൾ ശ്രദ്ധിക്കാം. എന്നാൽ നമ്മുടെ നാട്ടിലേക്ക് ട്രോഫികൾ എത്തിക്കുന്നതാണ് ഒരു യഥാർത്ഥ ടീമിന്റെയും നായകന്റെയും വിജയം. ഈ ലോകകപ്പിൽ വിജയം നേടാനുള്ള എല്ലാ അർഹതയുമുള്ള ഒരു ടീമാണ് നമ്മുടേത്. അഥവാ ഇന്ത്യയ്ക്ക് ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധിച്ചില്ലെങ്കിൽ, അത് വലിയൊരു നിരാശ തന്നെയായിരിക്കും.”- ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനങ്ങൾ പുറത്തെടുത്താൽ ഇന്ത്യയ്ക്ക് കിരീട സാധ്യത വളരെയധികമാണ്. ടൂർണമെന്റിലെ എല്ലാ ടീമുകൾക്കും മേൽ ആധികാരികമായ വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. സെമിഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികളായി എത്തുക. നവംബർ 15ന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള സെമിഫൈനൽ മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ വിജയം നേടാൻ സാധിച്ചാൽ ഇന്ത്യ കിരീടം ചൂടുമെന്ന് ഏകദേശം ഉറപ്പാണ്.

Scroll to Top