കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതാ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി റൊണാൾഡോയുടെ ഏജൻ്റായ ജോർജ് മെന്റസുമായി ചെൽസി ഉടമ ചർച്ചകൾ നടത്തി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്ലബ്ബിൻ്റെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനം മരിന ഗ്രാനോവ്സ്കിയ ഒഴിഞ്ഞതോടെ ടോഡ് ബോഹ്ലി ആണ് കൈകാര്യം ചെയ്യുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ സൂപ്പർതാരത്തിന് ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്ന സീസണിൽ കിരീടങ്ങൾ നേടാനുള്ള സാദ്ധ്യത കുറവും ട്രാൻസ്ഫർ നീക്കങ്ങൾ മന്ദഗതിയിൽ നീങ്ങുന്നതും കൊണ്ടാണ് റൊണാൾഡോ ടീം വിടാൻ ആലോചിക്കുന്നത്. ചെൽസിയുടെ അഭ്യൂഹങ്ങൾക്ക് മുമ്പ് താരം ബയേണിലേക്ക് ചേക്കേറും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.
കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരം റൊണാൾഡോ ആയിരുന്നു. ക്ലബ് പരിശീലകനായി ഇത്തവണ ടീമിലെത്തിയ എറിക് ടെൻ ഹാഗിൻ്റെ പദ്ധതികളിൽ റൊണാൾഡോക്ക് സ്ഥാനം ഉണ്ടാകുമോ എന്ന് വലിയ ചർച്ചകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വഴിവെച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് തൻ്റെ പദ്ധതികൾ സ്ഥാനമുണ്ടെന്നും ടീമിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വിശദീകരിച്ചു.
പ്രീമിയർ ലീഗിലെ മറ്റു ക്ലബ്ബുകൾ വമ്പൻ സൈനുകൾ നടത്തുമ്പോൾ യുണൈറ്റഡ് മാത്രം ഇപ്പോഴും മൗനം പാലിച്ചിരിക്കുകയാണ്. അടുത്ത സീസണിൽ വരുത്തേണ്ട മാറ്റങ്ങൾ യുണൈറ്റഡ് നടത്താത്തതിൽ റൊണാൾഡോക്ക് വലിയ അതൃപ്തി ഉണ്ട്. ഇത്തവണ ചെൽസിയിൽ നിന്നും ഇൻ്റർ മിലാനിലേക്ക് ചേക്കേറിയ ലുക്കാക്കുവിൻ്റെ സ്ഥാനത്തേക്ക് ആയിരിക്കും റൊണാൾഡോയെ ചെൽസി നോക്കുക.