ഇന്നലെയായിരുന്നു ഒഡീഷയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം. മത്സരത്തിലെ ആദ്യ പകുതിയിൽ ഒഡീഷയുടെ കളി മികവിന് മുൻപിൽ ബ്ലാസ്റ്റേഴ്സിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ ആദ്യപകുതിയിൽ കണ്ട ബ്ലാസ്റ്റേഴ്സിനെ അല്ല രണ്ടാം പകുതിയിൽ കണ്ടത്.
ഒഡീഷ പ്രതിരോധനിരക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് തുടരെത്തുടരെ ആക്രമണം അഴിച്ചുവിടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് പിന്നെ കണ്ടത്. അതിന് കൂടുതൽ സഹായകരമായ കോച്ച് ഇവാൻ വുക്കമനോവിച്ച് നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളാണ്. പകരക്കാരനായി ഇറങ്ങിയ ബ്രൈസ് നൽകിയ തകർപ്പൻ ക്രോസിൽ പ്രതിരോധനിര താരം സന്ദീപ് നേടിയ കിടിലൻ ഹെഡർ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തിയത്.
ഇപ്പോഴിതാ മത്സരശേഷം നടന്ന വാർത്ത സമ്മേളനത്തിൽ കോച്ച് ഇവാൻ വുക്കമനോവിച്ച് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആദ്യ പകുതിയിലെ ഇടവേള സമയത്ത് ഡ്രസ്സിംഗ് റൂമിൽ താരങ്ങളുമായി എന്താണ് സംസാരിച്ചത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രണ്ടാം പകുതിയിൽ മത്സരം തിരിച്ചുപിടിക്കുന്നതിന് എന്ത് പദ്ധതിയാണ് നിർണായകമായത് എന്ന ചോദ്യത്തിനാണ് ആശാൻ മറുപടി നൽകിയത്.
“ഹാഫ് ടൈമിലെ ഞങ്ങളുടെ ടീം ചർച്ചയിൽ എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ പ്രവേശിക്കണം, എങ്ങനെ യുദ്ധം ചെയ്യണം, ആ പന്തുകൾ എങ്ങനെ കൈവശപ്പെടുത്താം,ഒരു പ്രത്യേക സാഹചര്യത്തിൽ എങ്ങനെ അത് ചെയ്യണം എന്ന് ഞങ്ങൾ സംസാരിച്ചു. മുൻപിൽ പോയി എത്തരത്തിൽ ആക്രമണം ചെയ്യണമെന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.”- ഇവാൻ പറഞ്ഞു. ഇന്നലത്തെ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.