ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് പാകിസ്ഥാൻ ഉണ്ടാകുമോ? ഉത്തരം നൽകി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

നേരത്തെ പല കാരണങ്ങൾ കൊണ്ടും അടുത്ത വർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ല എന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴിതാ അടുത്ത വർഷം ഇന്ത്യയിൽ വന്ന് ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതിയ ചെയർമാൻ നജാം സേധി. അടുത്ത തവണ നടക്കുന്ന പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിന് ഇന്ത്യ പങ്കെടുക്കില്ല എന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു.


ബി.സി.സി.ഐ അക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ തങ്ങളും പങ്കെടുക്കില്ല എന്ന് പാക്കിസ്ഥാൻ ഭീഷണി ഉയർത്തിയത്. ഈ വിവാദങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇക്കാര്യത്തിൽ പുതിയ അപ്ഡേറ്റുമായി പാക്കിസ്ഥാൻ രംഗത്ത് എത്തിയിരിക്കുന്നത്. പാക് സർക്കാർ തങ്ങളോട് ഇന്ത്യയിലോട്ട് കളിക്കാൻ പോകരുത് എന്ന് പറഞ്ഞാൽ പോകില്ല എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതിയ ചെയർമാൻ പറഞ്ഞത്.

images 2022 12 27T151600.366


“ഞങ്ങളോട് ഇന്ത്യയിലോട്ട് പോകരുതെന്ന് പാക് സർക്കാർ പറഞ്ഞാൽ ഞങ്ങൾ ഇന്ത്യയിലേക്ക് പോകില്ല. നമുക്ക് എല്ലാവർക്കും അറിയുന്നതാണ് പാകിസ്താന്റെയും ഇന്ത്യയുടെയും ക്രിക്കറ്റ് ബന്ധത്തെക്കുറിച്ച്. സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട ഒന്നാണ് പര്യടനം നടത്തണമോ കളിക്കണമോ വേണ്ടയോ എന്നെല്ലാം. ഞങ്ങൾ മുന്നോട്ട് പോകുന്നത് സാഹചര്യങ്ങൾ കൃത്യമായി പരിശോധിച്ചതിനു ശേഷം ആകും. നമ്മളെ ഒറ്റപ്പെടുത്തില്ലെന്ന കാര്യം ഉറപ്പാക്കിയിട്ട് ആയിരിക്കും എല്ലാ തീരുമാനങ്ങളും എടുക്കുന്നത്.”- അദ്ദേഹം പറഞ്ഞു.

images 2022 12 27T151614.664

ഇന്ത്യ അവസാനമായി പാക്കിസ്ഥാനിൽ പര്യടനം നടത്തിയത് 2008ൽ ഏഷ്യകപ്പിനാണ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലോട്ട് പര്യടനത്തിന് ഇന്ത്യ പോയിട്ടില്ല. ഇരുവരും തമ്മിലുള്ള ബൈലാറ്ററൽ നടന്നിട്ട് ഒരുപാട് വർഷങ്ങളായി. ഐസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ അല്ലാതെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇപ്പോൾ മത്സരിക്കാറില്ല. അവസാനമായി ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നത് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിൽ ആണ്. അന്ന് ഇന്ത്യയുടെ ഒപ്പമായിരുന്നു വിജയം. അതിന് മുൻപ് നടന്ന ഏഷ്യ കപ്പിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ വീതം വിജയം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുത്തു. പാക്കിസ്ഥാൻ ഇന്ത്യയിൽ അവസാനമായി പര്യടനം നടത്തിയത് 2012ലാണ്. 2011ൽ ഇന്ത്യയിൽ വച്ച് നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുത്തിരുന്നു.