മുഹമ്മദ് സലാഹ് ചെയ്യുന്നതൊക്കെ തനിക്കും ചെയ്യാനാകുമെന്ന് പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിൻസൻറ് അബൂബകർ. ശക്തരായ ബ്രസീല്‍ ടീമിനെതിരെ കാമറൂണിന്‍റെ വിജയഗോള്‍ നേടി വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
അധിക സമയം വരെ ഗോളടിക്കാൻ ബ്രസീലിനെ അനുവദിക്കാതിരുന്ന കാമറൂണ്‍, 92ാം മിനിറ്റില്‍ വിന്‍സന്‍റ് അബൂബക്കറിലൂടെയാണ് ഗോള്‍ നേടിയത്. ഗോൾ നേടി 93ാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡുമായി താരം കളത്തിൽനിന്ന് കയറിപ്പോകുകയും ചെയ്തു.
ഗോളടിച്ച ആഘോഷത്തിൽ കുപ്പായമൂരിയതിനാണ് റഫറി ഇസ്മായിൽ ഇൽഫത് ഇദ്ദേഹത്തിനെതിരെ രണ്ടാം മഞ്ഞ കാര്‍ഡ് പുറത്തെടുത്തത്. കാർഡ് നൽകും മുമ്പേ കൈകൊടുത്തു റഫറി താരത്തെ അഭിനന്ദിച്ചതും കാണാമായിരുന്നു.
പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നൽകിയാണ് ബ്രസീല്‍ ഇറങ്ങിയത്. പരാജയപ്പെട്ടെങ്കിലും ആറ് പോയന്റുമായി ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇതേ പോയൻറുള്ള സ്വിറ്റ്സർലാൻഡിനെ ഗോൾ വ്യത്യാസത്തില്‍ പിന്തള്ളിയാണ് ബ്രസീല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായത്.
പ്രീക്വാർട്ടറിൽ ബ്രസീലിന് ദക്ഷിണ കൊറിയയെയാണ് നേരിടേണ്ടത്. ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സർലാൻഡിന് പ്രീക്വാർട്ടറിൽ പോർച്ചുഗലാണ് എതിരാളി.