ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയും യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസും തമ്മിലാണ് ഇത്തവണത്തെ ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഇന്നലെ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിലേക്ക് ഫ്രാൻസ് യോഗ്യത നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളികൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലിൽ പ്രവേശിച്ചത്.
ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്. മെസ്സി തന്റെ കരിയറിലെ ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് ഫൈനലിന് ഇറങ്ങുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇറങ്ങുന്നത് കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും. മത്സരത്തിലെ ഏറ്റവും പ്രധാന കാര്യം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലെ സഹതാരങ്ങളായ കിലിയൻ എംബാപ്പയും ലയണൽ മെസ്സിയും നേർക്ക്നേർ വരുന്നു എന്നാണ്. രണ്ടു പേരും ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇരു താരങ്ങളെയും കുറിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരം ഒറിലിയൻ ചുവാമെനി ഇന്നലെ സെമിഫൈനൽ പോരാട്ടത്തിന് ശേഷം പറഞ്ഞ വാക്കുകളാണ്.”ഗ്രീസ്മാൻ എന്നോട് പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി ആണെന്നാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം കിലിയൻ എംബാപ്പയാണ്.
ഞാൻ ആഗ്രഹിക്കുന്നത് അദ്ദേഹം അത് അടുത്ത മത്സരത്തിൽ തെളിയിക്കും എന്നാണ്. ഞങ്ങൾക്ക് ഫൈനൽ വിജയിക്കുകയും കിരീടം നേടുകയും വേണം. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് മെസ്സിയെ പ്രതിരോധിക്കുക എന്നത്. എന്നാൽ ഈ മത്സരം എങ്ങനെ വിജയിക്കണം എന്നതിന് ഞങ്ങൾക്ക് വ്യക്തമായ പ്ലാനുകൾ ഉണ്ട്.”- ചുവാമെനി പറഞ്ഞു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8:30ന് ഖത്തർ ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ അരങേറുന്നത്. വളരെയധികം പ്രതീക്ഷയോടെയാണ് ഇരു ടീമിലെയും ആരാധകർ ഫൈനലിനെ നോക്കിക്കാണുന്നത്.