പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധികാരിക വിജയം നേടിയാണ് അർജൻ്റീന പ്രീക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജൻ്റീന പിന്നീട് ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ടു മത്സരങ്ങളും വിജയിച്ച് രാജകീയമായാണ് പ്രീക്വാർട്ടർ പ്രവേശനം നേടിയത്. പ്രീക്വാർട്ടറിൽ അർജൻ്റീനയുടെ എതിരാളികൾ ഓസ്ട്രേലിയ ആണ്.
ശനിയാഴ്ചയാണ് അർജൻ്റീനയുടെ പ്രീക്വാർട്ടർ മത്സരം. വളരെ കുറച്ച് ദിവസമാണ് പ്രീക്വാർട്ടറിലേക്ക് ഇനി ബാക്കിയുള്ളത്. ഇതിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അർജൻ്റീനയുടെ കോച്ചായ ലയണൽ സ്കലോനി. ഇതിനും നല്ലത് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു എന്നാണ് സ്കലോനി പറഞ്ഞത്. ഗ്രൂപ്പിൽ ഒന്നാമതായി എത്തിയിട്ട് പോലും ഇതാണ് അവസ്ഥ എന്നും അദ്ദേഹം പറഞ്ഞു.
പ്രീക്വാർട്ടറിലേക്ക് കടക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. എന്നാൽ മറ്റൊരു കാര്യത്തിൽ എനിക്ക് സന്തോഷം ഇല്ല. കാരണം ഞങ്ങളുടെ അടുത്ത കളിയിലേക്ക് ഉള്ള ദൂരം ഇനി വെറും രണ്ട് ദിവസം മാത്രമാണ്. ഗ്രൂപ്പ് ചാമ്പ്യൻമാരായ ഞങ്ങൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ല.
ഓസ്ട്രേലിയക്ക് ഞങ്ങളെക്കാൾ കൂടുതൽ വിശ്രമത്തിന് സമയം ലഭിച്ചു. യഥാർത്ഥത്തിൽ കൂടുതൽ സമയം ലഭിക്കേണ്ടത് ഗ്രൂപ്പ് ചാമ്പ്യന്മാരായ ഞങ്ങൾക്കാണ്. ഇങ്ങനെ ആയിരുന്നെങ്കിൽ മൂന്നാം സ്ഥാനം നേടി നേരത്തെ തന്നെ പുറത്താവുകയായിരുന്നു നല്ലത്. ഫിഫ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.”- സ്കലോനി പറഞ്ഞു.