ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ പോർച്ചുഗൽ അവസാന മത്സരത്തിൽ സൗത്ത് കൊറിയയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിനിടയിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിത്തെറിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.
ഇത്തവണത്തെ ലോകകപ്പിൽ ആദ്യ മത്സരത്തിലെ പെനാൾട്ടി ഗോൾ ഒഴിച്ചാൽ കാര്യമായി എടുത്തു പറയാനുള്ള പ്രകടനം ഒന്നും റൊണാൾഡോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ 65ആം മിനിറ്റിൽ പരിശീലകൻ ഫെർണാഡോ സാൻ്റോസ് റൊണാൾഡോയെ പിൻവലിച്ചിരുന്നു. ഈ നീക്കത്തില്‍ റൊണാള്‍ഡോ കുപിതനായിരുന്നു.
റൊണാൾഡോയുടെ ആ പെരുമാറ്റം തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ സാൻ്റോസ്. പ്രീക്വാർട്ടർ മത്സരത്തിന് മുൻപ് നടന്ന വാർത്ത സമ്മേളനത്തിനിടയാണ് പറങ്കിപ്പടയുടെ പരിശീലകൻ ഇക്കാര്യം തുറന്നു പറഞ്ഞത്.”എനിക്ക് റൊണാൾഡോയുടെ പെരുമാറ്റം ഇഷ്ടമായില്ല. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുവാൻ എനിക്ക് ഇപ്പോൾ താല്പര്യമില്ല.
ഞാനിപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്റെ ടീമിലാണ്. റൊണാൾഡോയുടെ പുതിയ ക്ലബ്ബിൻ്റെ തീരുമാനം എന്താണെന്ന് അറിയില്ല. എൻറെ മനസ്സിൽ ഇപ്പോൾ ലോകകപ്പ് അല്ലാതെ വേറെ ഒന്നുമില്ല.”- സാൻ്റോസ് വ്യക്തമാക്കി. റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നാസറിലേക്കുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് റൊണാൾഡോ ഒന്നുമറിയില്ല എന്ന മറുപടിയാണ് നൽകിയത്.