ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ വളരെയധികം കിരീട പ്രതീക്ഷകൾ ഉള്ള ടീമാണ് ബ്രസീൽ. ലോകകപ്പിലെ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നവംബർ 24ന് സെർബിയക്കെതിരെയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ബ്രസീലിയൻ ആരാധകരും ഇത്തവണത്തെ ലോകകപ്പ് നോക്കിക്കാണുന്നത്.
ഫുട്ബോൾ ആരാധകർക്കിടയിൽ എന്നും ചർച്ചയാകാറുള്ള കാര്യമാണ് ബ്രസീൽ താരങ്ങൾ ഗോളടിച്ചാൽ ഉള്ള നൃത്തങ്ങൾ. പലപ്പോഴും അത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിക്കാറുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ എല്ലാ ബ്രസീലിയൻ താരങ്ങളും ഗോൾ നേടിയാൽ നൃത്തം ചെയ്തുകൊണ്ടിരിക്കും. ഈ ലോകകപ്പിനും ബ്രസീലിയൻ നൃത്തങ്ങൾ കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയർ റയലിനായി കളിക്കുമ്പോൾ ഗോൾ നേടിയപ്പോൾ നൃത്തം ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. താരത്തിനെതിരെ വലിയ രീതിയിലുള്ള വംശീയ അധിക്ഷേപമാണ് നടന്നത്. അതിനെതിരെ പ്രതിഷേധമായി എല്ലാ ബ്രസീലിയൻ താരങ്ങളും അവരവരുടെ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുമ്പോൾ നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ ലോകകപ്പിൽ ഗോൾ നേടിയാൽ നൃത്തം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ താരം റാഫീഞ്ഞ.
“ബ്രസീലിയൻ നൃത്തം ഈ ലോകകപ്പിലും കാണാൻ സാധിക്കും. ഇത്തവണ ഓരോ ഗോളിനും വ്യത്യസ്ത നൃത്തങ്ങൾ ഉണ്ടാകും. സത്യം തുറന്നുപറഞ്ഞാൽ 10 ഗോൾ നേടിയാൽ വരെ വേണ്ട നൃത്തങ്ങൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഓരോ മത്സരത്തിലും 10 നൃത്തങ്ങളാണ് ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ആദ്യത്തേതിനും രണ്ടാമത്തേതിലും മൂന്നാമത്തേതിനും അങ്ങനെ 10 ഗോൾ വരെ ഞങ്ങൾ നൃത്തങ്ങൾ ചെയ്തു വച്ചിട്ടുണ്ട്. ഒരു കളിയിൽ 10 ഗോളിന് കൂടുതൽ നേടിയാൽ പുതിയ നൃത്തം ഞങ്ങൾ കണ്ടുപിടിക്കേണ്ടി വരും.”- റാഫീഞ്ഞ പറഞ്ഞു.