ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. ഗ്രൂപ്പിലെ അവസാന പോരട്ടത്തില്‍ കൊറിയക്കെതിരെയാണ് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊറിയയുടെ വിജയം,ഇഞ്ചുറി ടൈമിലായിരുന്നു കൊറിയയുടെ വിജയം. നേരത്തെ തന്നെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയതിനാല്‍ ഈ തോല്‍വി ബാധിച്ചില്ലാ.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. ഡീഗോ ഡാലട്ട് നല്‍കിയ പാസ്സില്‍ നിന്നും ഹോര്‍ത്ത വലയിലെത്തിക്കുകയായിരുന്നു. സമനില ഗോളിനായി വിങ്ങിലൂടെ ആക്രമണം നടത്തിയ ദക്ഷിണ കൊറിയ കോര്‍ണറിലൂടെയാണ് സമനില ഗോള്‍ നേടിയത്.
കോര്‍ണറില്‍ റൊണാള്‍ഡോയുടെ ദേഹത്ത് തട്ടി തന്‍റെ കാലില്‍ എത്തിയ പന്ത് അനായാസം കിം വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ റൊണാള്‍ഡോക്ക് ഗോളടിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗോളടിക്കാനായില്ലാ. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്‍വലിക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ കൊറിയയുടെ ആക്രമണമാണ് കണ്ടത്. നിരവധി തവണ പോര്‍ച്ചുഗല്‍ ബോക്സില്‍ എത്തിയ ആക്രമണം പോര്‍ച്ചുഗലിന്‍റെ പ്രതിരോധവും ഗോള്‍കീപ്പറുടെ സേവുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ കൊറിയ ഗോള്‍ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ഹ്വാങ് ഹീ ചാന്‍ ഒന്നാന്തരം പാസ്സ് സണ്‍ നല്‍കി. മനോഹരമായി ഫിനിഷ് ചെയ്ത താരം കൊറിയക്കായി വിജയ ഗോള്‍ കണ്ടെത്തി.
വിജയത്തോടെ കൊറിയ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. യുറുഗ്വായെ ഗോള്‍ അടിച്ച കണക്കില്‍ പിന്തള്ളിയാണ് കൊറിയയുടെ മുന്നേറ്റം.