കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ആയിരുന്നു പറങ്കിപ്പട പോയിരുന്നത്. പല സമ്മർദ്ദ ഘട്ടങ്ങളും പ്രതിസന്ധികളും പോർച്ചുഗൽ മറികടന്നിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ആയിരുന്നു. ഇപ്പോൾ അത് പതുക്കെ പതുക്കെ മാറുന്നതിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.
5 ഗോളുകളാണ് ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്നും പോർച്ചുഗൽ നേടിയത്. അതിൽ നാല് ഗോളിന്റെയും പങ്ക് ബ്രൂണോ ഫെർണാണ്ടസിനാണ്. ആദ്യ മത്സരത്തിൽ ഘാനക്കെതിരെ നേടിയ രണ്ട് ഓപ്പൺ പ്ലേ ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ബ്രൂണോ ആയിരുന്നു. ഇന്നലത്തെ യുറുഗ്വായ്ക്കെതിരായ മത്സരത്തിലും താരം ബ്രൂണോ തന്നെയാണ്.
യുറുഗ്വായ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർച്ചുഗൽ വിജയിക്കുമ്പോൾ ആ രണ്ട് ഗോളുകളും നേടിയത് ബ്രൂണോ ആണ്. രണ്ടാമത്തെ ഗോൾ പെനാൽറ്റി ആയിരുന്നെങ്കിലും ആ പെനാൽറ്റി നേടിയത് ബ്രൂണോയുടെ മികവിൽ ആയിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടുവാനുള്ള മികച്ച അവസരവും ഈ മത്സരത്തിൽ ബ്രൂണോക് ഉണ്ടായിരുന്നു.
യുറുഗ്വായ് ഗോൾകീപ്പറുടെ മികച്ച സേവും,ഗോൾപോസ്റ്റും എന്നീ നിർഭാഗ്യം ഇല്ലായിരുന്നെങ്കിൽ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് ലോകം സാക്ഷ്യം വഹിച്ചേനെ. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ പോർച്ചുഗൽ കൂടുതൽ ആശ്രയിക്കുന്നത് റൊണാൾഡോയെ അല്ല,ബ്രൂണോ ഫെർണാണ്ടസിനെയാണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. അത് സമയം ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച പോർച്ചുഗൽ പ്രീക്വാട്ടർ ഉറപ്പിച്ചു.