ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. മത്സരശേഷം അർജൻ്റീന നായകൻ ലയണൽ മെസ്സി വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഡച്ച് പരിശീലകൻ വാൻ ഹാലിനോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ച മെസ്സി ഹോളണ്ട് താരം വെഗോസ്റ്റിനെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവർത്തകനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സുഹൃത്തുമായ പിയേഴ്സ് മോർഗൻ. റൊണാൾഡോ ആണ് മെസ്സിയുടെ സ്ഥാനത്ത് ആയിരുന്നെങ്കിൽ മാധ്യമങ്ങൾ വലിയ രീതിയിൽ ഇത് ആഘോഷിക്കുമായിരുന്നു എന്നാണ് മോർഗൻ പറഞ്ഞത്.
“ഇന്നലെ റഫറിയെ ലയണൽ മെസ്സി അപമാനിച്ചിരുന്നു. എതിർ ടീമിലെ താരങ്ങളെയും പരിശീലകനെയും അപമാനിച്ചിരുന്നു. ഞാൻ ആലോചിച്ചത് വേറെ ഒരു കാര്യമാണ്. അതായത് മെസ്സിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ ഇത് വലിയ വിവാദം ആക്കുമായിരുന്നു.”- മോർഗൻ പറഞ്ഞു.
ഇത് വരെയും കളിക്കളത്തിൽ കാണാത്ത മെസ്സിയെ ആയിരുന്നു ഹോളണ്ടിനെതിരെ ഫുട്ബോൾ ലോകം കണ്ടത്. പൊതുവേ മൈതാനങ്ങളിൽ ശാന്ത സ്വഭാവക്കാരനാണ് മെസ്സി. മത്സരത്തിന് മുൻപ് ഡച്ച് പരിശീലകൻ നടത്തിയ ചില പ്രസ്താവനകളാണ് താരത്തെ ചൊടിപ്പിച്ചത്. സെമിഫൈനലിൽ പ്രവേശിച്ച അർജൻ്റീനയുടെ എതിരാളികൾ ക്രൊയേഷ്യ ആണ്.