ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഒഡീഷ എഫ് സി യെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ആദ്യ പകുതിയില്‍ പ്രതിരോധ താരങ്ങളായ നിഷു കുമാറും ഖബ്രയും നേടിയ ഗോളിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും വന്‍ ആധിപത്യം പുലര്‍ത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വിജയം.
ആദ്യ മിനിറ്റ് മുതല്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്. അല്‍വാരോ വാസ്കസ് – പെരേര ഡയസ് – അഡ്രിയാന്‍ ലൂണ – സഹല്‍ എന്നിവരുടെ പാസ്സിങ്ങിനു മുന്നില്‍ ഒഡീഷ ഡിഫന്‍സ് കഷ്ടപ്പെട്ടു. മധ്യനിരയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കളി നിയന്ത്രിച്ചതോടെ ഒഡീഷ ബോക്സിലേക്ക് ബോളുകള്‍ എത്തി.
മത്സരത്തിന്‍റെ 28ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. വലത് വിങ്ങില്‍ അഡ്രിയാന്‍ ലൂണ നല്‍കിയ ബോള്‍ കട്ട് ചെയ്ത് മനോഹരമായ ഷോട്ടിലൂടെ നിഷു കുമാറാണ് ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. ക്യാപ്റ്റനായ ജെസ്സല്‍ പരിക്കേറ്റതോടെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയ താരം ഗോളോടെ ആഘോഷിക്കാന്‍ താരത്തിനു സാധിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതനു മുന്‍പ് ഖബ്രയിലൂടെയാണ് കേരളം ലീഡ് ഉയര്‍ത്തിയത്. ലൂണ എടുത്ത കോര്‍ണര്‍ കിക്കില്‍ ഹെഡറിലൂടെയാണ് മറ്റൊരു പ്രതിരോധ താരമായ ഖബ്ര ഗോള്‍ സ്കോര്‍ ചെയ്തത്.
രണ്ടാം പകുതിയില്‍ ഏരിയല്‍ ബോളിലൂടെ ജൊനാഥസ് ക്രിസ്റ്റ്യനെ ലക്ഷ്യമാക്കി എത്തിയെങ്കിലും കൃത്യമായ പ്രതിരോധം അപകടങ്ങള്‍ ഒഴിവാക്കി. മത്സരത്തില്‍ മികച്ച സേവുമായി ഗോള്‍കീപ്പര്‍ ഗില്ലിന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ഹാവിയര്‍ ഹെര്‍ണാണ്ടസ് ഒരുക്കി കൊടുത്ത ഗോള്‍ ശ്രമം ജൊനാഥസ ക്രിസ്റ്റ്യന്‍റെ ഷോട്ട് ഗില്‍ തട്ടിയകറ്റി. ആക്രമണം തുടര്‍ന്ന കേരള ബ്ലാസ്റ്റേഴ്സ് പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല.
കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ പത്താം അപരാജിത മത്സരമാണിത്. 11 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്. ഞായറാഴ്ച്ച മുംബൈ സിറ്റിക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.