ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം വലിയ പ്രതീക്ഷയോടെ ആയിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇറങ്ങിയത്. എന്നാൽ താരത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആദ്യ മത്സരത്തിൽ തന്നെ പരിക്ക് വില്ലനായി എത്തി. സെർബിയൻ പ്രതിരോധ താരം നിക്കോള മില്ലങ്കോവിച്ചിൻ്റെ ടാക്ക്ലിങ്ങിലാണ് ബ്രസീലിയൻ സൂപ്പർതാരത്തിന് പരിക്കേറ്റത്.
കാൽക്കുഴക്ക് പരിക്കേറ്റ താരത്തിന് ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരവും നഷ്ടമാവും. നെയ്മറിനൊപ്പം പരിക്കേറ്റ പ്രതിരോധ നിര താരം ഡാനിലോക്കും സ്വിറ്റ്സർലാൻഡിനെതിരായ നിർണായ മത്സരം നഷ്ടമാകും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നെയ്മർ പങ്കുവെച്ച പോസ്റ്റ് ആണ്. ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായാണ് താരം രംഗത്ത് എത്തിയത്.
“ബ്രസീലിന്‍റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ ബ്രസീല്‍ എന്ന് ഞാന്‍ മറുപടി നല്‍കും. എന്‍റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്‍റെ സ്വപ്‍നങ്ങള്‍ പിന്തുടരണമായിരുന്നു, ഗോളുകള്‍ നേടണമായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പില്‍. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു.
എന്നാല്‍ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാന്‍ എന്‍റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാന്‍ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്പ്പെടുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാന്‍ തളരില്ല. അസാധ്യമായ ദൈവത്തിന്‍റെ മകനാണ് ഞാന്‍. എന്‍റെ വിശ്വാസം അനന്തമാണ്.”- നെയ്മർ കുറിച്ചു. 2014 ലോകകപ്പിലും താരം പരിക്കേറ്റ് പുറത്തു പോയിരുന്നു. കൊളംബിയൻ താരം സുനിഗയുടെ കാൽമുട്ട് കൊണ്ട് നട്ടെല്ലിനേറ്റ പരിക്കാണ് അന്ന് 22 വയസ്സ് മാത്രമുള്ള നെയ്മർ പുറത്തുപോയത്.