ഖത്തർ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയും നെതർലാൻഡ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇപ്പോഴിതാ മെസ്സി തങ്ങളെ പോലെ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നെതർലാൻഡ് ഗോൾകീപ്പർ ആന്ദ്രിസ് നോപ്പർട്ട്. മെസ്സിക്കും തെറ്റുകൾ സംഭവിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ തുടക്കത്തിൽ മെസ്സിക്ക് തെറ്റുകൾ സംഭവിച്ചത് നമ്മൾ കണ്ടതാണെന്നും, എല്ലാതും സംഭവിക്കുന്നത് അതാത് നിമിഷങ്ങളിൽ ആണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർതാരം മെസ്സിയുടെ ദൗർബല്യം എന്താണെന്നതിനെക്കുറിച്ച് ഡച്ച് പരിശീലകൻ വാൻ ഹാൽ പറഞ്ഞു. അർജൻ്റീനക്ക് പന്ത് നഷ്ടമായാൽ മെസ്സി പിന്നെ അതിൽ ഇടപെടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
“ഏറ്റവും അപകടകാരിയായ കളിക്കാരനാണ് മെസ്സി. അവൻ ഭാവന സമ്പന്നനും ആണ്. നിരവധി ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ അവന് സാധിക്കുന്നുണ്ട്. ഗോൾ കണ്ടെത്താനും മെസ്സിക്ക് കഴിയുന്നുണ്ട്. എന്നാൽ പന്ത് എതിരാളികളുടെ കൈവശം ആണെങ്കിൽ അദ്ദേഹം അതിൽ ഇടപെടില്ല.
ഈ കാര്യം ഞങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകും.”- വാൻ ഹാൽ പറഞ്ഞു. അർജൻറീന മികച്ച ടീമാണെന്നും അവർക്കെതിരെ തങ്ങളുടെ കൈയിൽ വ്യക്തമായ ഗെയിം പ്ലാൻ ഉണ്ടെന്നും പ്രതിരോധനിര താരം വെർജിൽ വാൻ ഡൈക്ക് നേരത്തെ പറഞ്ഞിരുന്നു. ഇതിനു മുൻപ് 2014 സെമിഫൈനലിൽ ആണ് ഇരുവരും നേർക്കുനേർ വന്നത്. അന്ന് വിജയം അർജൻ്റീനയുടെ കൂടെയായിരുന്നു.