ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ എല്ലാം അവസാനിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഡിസംബർ 9 മുതലാണ്. രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ശക്തരായ അർജൻ്റീന ഹോളണ്ടിനെയാണ് നേരിടുന്നത്. എല്ലാ ഫുട്ബോൾ ആരാധകരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് ഇത്.
ലോകകപ്പിൽ അവസാനമായി ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് 2014ലാണ്. അന്ന് സെമിഫൈനലിൽ വിജയം അർജൻ്റീനയുടെ കൂടെയായിരുന്നു. 2010 ലോകകപ്പ് കലാശ പോരാട്ടത്തിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന്റെ കണക്കു വീട്ടുവാൻ ഇറങ്ങിയ ഹോളണ്ടിനെ അന്ന് അർജൻ്റീന നാട്ടിലേക്ക് മടക്കി അയച്ചു. ഇത്തവണത്തെ ക്വാർട്ടർ ഫൈനലിന് ഒരുങ്ങുന്ന നെതർലാൻഡ്സിന് ഏറ്റവും വലിയ ഭീഷണി അർജൻ്റീന നായകൻ ലയണൽ മെസ്സി തന്നെയാണ്.
ഇപ്പോഴിതാ മെസ്സിയെ തടുക്കുവാൻ തങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നെതർലാൻഡ് പരിശീലകൻ വാൻ ഹാൽ.”ഏറ്റവും മികച്ച ക്രിയേറ്റീവ് കളിക്കാരനാണ് മെസ്സി. നിരവധി ഗോളുകൾ നേടുന്ന താരത്തിന് ഒരുപാട് അവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ മെസ്സിക്ക് ഒരു കുഴപ്പമുണ്ട്. മത്സരത്തിനിടയിൽ പന്ത് നഷ്ടമായാൽ അത് വീണ്ടെടുക്കുവാൻ മെസ്സി ശ്രമിക്കില്ല. പിന്നീട് അധികം കളിയിൽ പങ്കെടുക്കില്ല. ഞങ്ങൾ കാത്തിരിക്കുന്ന അവസരം അതാണ്. ബാക്കിയെല്ലാം വെള്ളിയാഴ്ച നിങ്ങൾ കണ്ടോളൂ.”- വാൻ ഹാൽ പറഞ്ഞു.