ലോക ഫുട്ബോൾ ആരാധകരെല്ലാവരും കാത്തിരിക്കുന്ന ലോകകപ്പ് തുടങ്ങുവാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് അരങ്ങേറുന്നത് ഖത്തറിൽ വച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് എല്ലാ രാജ്യങ്ങളും ഖത്തറിലേക്ക് വിമാനം കയറുന്നത്. എല്ലാ രാജ്യങ്ങൾക്കും കിരീട പ്രതീക്ഷ ഉണ്ടെങ്കിലും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ലയണൽ മെസ്സി നയിക്കുന്ന അർജൻ്റീനക്കാണ്.
മെസ്സി നയിക്കുന്ന അർജൻ്റീന കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക കിരീടവും പരാജയമറിയാതെ 35 മത്സരങ്ങളുടെ അപരാജിത കുതിപ്പും നടത്തി കൊണ്ടാണ് ലോകകപ്പിൽ എത്തുന്നത്. മെസ്സിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് ഇത്. ഇത് തൻ്റെ അവസാന ലോകകപ്പ് ആണെന്ന് മെസ്സി നേരത്തെ അറിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ ലോക ഫുട്ബോളിലെ ഒരു കളിക്കാരന് സ്വന്തമാക്കാൻ കഴിയുന്ന എല്ലാം സ്വന്തമാക്കിയ മെസ്സിക്ക് ഈ കനക കിരീടം കൂടെ നേടി കൊടുക്കാനായിരിക്കും അർജൻ്റീന പരിശ്രമിക്കുക. ഇപ്പോഴിതാ ലോകകപ്പിന് മുൻപായി മെസ്സി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2014 ലോകകപ്പ് ഫൈനലിൽ എത്തിയ അർജൻ്റീനൻ ടീമും ഇത്തവണത്തെ ടീമും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടെന്നാണ് മെസ്സി പറഞ്ഞത്.”ഞങ്ങൾ മികച്ച പ്രകടനമാണ് 2014 ലോകകപ്പിൽ കാഴ്ചവെച്ചത്. അത് തികച്ചും ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു. ഞാനത് ഒരുപാട് ആസ്വദിച്ചു.
ഏകീകൃതവും ശക്തവും ആയിട്ടുള്ള ഒരു ഗ്രൂപ്പ് ആയിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്ന് എന്നത്തേക്കാളും എനിക്ക് വ്യക്തമായി. അത് നിങ്ങളെ ലക്ഷ്യത്തിലേക്ക് ആത്യന്തികമായി നയിക്കുന്നു. ഇപ്പോഴത്തെ ഈ ഗ്രൂപ്പും 2014ലെ ആ ഗ്രൂപ്പും എനിക്ക് ഒരുപാട് സാമ്യതകൾ തോന്നുന്നുണ്ട്.”- മെസ്സി പറഞ്ഞു.
കഴിഞ്ഞ സീസണിൽ മോശം ഫോമിൽ ആയിരുന്ന താരം ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. പി എസ് ജിയുടെ കൂടെ 12 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 10 അസിസ്റ്റുകളും ഇതിനോടകം ഈ സീസണിൽ 35 വയസ്സ്ക്കാരൻ സ്വന്തമാക്കി കഴിഞ്ഞു. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജൻ്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം.