നാളെ നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ തന്റെ പിന്തുണ അർജൻ്റീനക്കാണെന്ന് ബ്രസീൽ മുൻ നായകൻ കഫു. ലയണൽ മെസ്സിയെയും താൻ പിന്തുണക്കുന്നുണ്ടെന്നും ബ്രസീൽ നായകൻ പറഞ്ഞു. നാളെ രാത്രി 8:30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ച് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ ആണ് അർജൻ്റീന നേരിടുന്നത്. തുടർച്ചയായി മൂന്ന് ലോകകപ്പ് ഫൈനൽ കളിച്ച ഏക താരമാണ് കഫു.
അർജൻ്റീനയെ ബ്രസീലുകാർ പിന്തുണയ്ക്കുന്നത് കാപട്യം ആണെന്ന് ബ്രസീലിയൻ ഗോളി ജൂലിയോ സെസാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.”ലയണൽ മെസ്സിയോട് വളരെയധികം സ്നേഹമുണ്ട്. എന്നാൽ അർജൻ്റീനയോടുള്ള വൈര്യം എല്ലാ ബ്രസീലുകാരനെ പോലെയും മനസ്സിൽ ഉണ്ട്. ബ്രസീൽ ഫൈനൽ കളിച്ചിരുന്നെങ്കിൽ എതിർ ടീമിനെ ആയിരിക്കും അർജൻ്റീന പിന്തുണയ്ക്കുക. നല്ലത് കാപട്യം കാണിക്കാതിരിക്കുന്നതല്ല.”- സെസാർ പറഞ്ഞു.
“ഞാൻ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിക്കും അർജൻ്റീനക്കും ഒപ്പമാണ്. ഖത്തർ ലോകകപ്പ് മെസ്സിക്ക് മികച്ച ലോകകപ്പാണ്. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം കടുത്ത വിമർശനങ്ങൾ നേരിട്ട ടീമിനെ മെസ്സി നിയന്ത്രിച്ചു. മെസ്സി ലോക ചാമ്പ്യൻ ആകരുതെന്ന് ചിന്തിക്കേണ്ട ആവശ്യം എന്താണ്.”- കഫു പറഞ്ഞു.
ലയണൽ മെസ്സിക്ക് പിന്തുണയുമായി മുൻ ബ്രസീൽ താരം റിവാൾഡോയും രംഗത്തെത്തിയിരുന്നു.”ലോകകപ്പിൽ നെയ്മറും ബ്രസീലും ഇനിയില്ല. അതുകൊണ്ട് ഞാൻ അർജൻ്റീനക്കൊപ്പമാണ്. മെസ്സിയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ലോക കിരീടം മെസ്സി അർഹിക്കുന്നുണ്ട്. എല്ലാം ദൈവം അറിയുന്നു. മെസ്സിയുടെ കിരീട ധാരണം ഞായറാഴ്ച ഉണ്ടാകും.”- റിവാൾഡോ പറഞ്ഞു.