പോളണ്ടിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനു തോല്‍പ്പിച്ച് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയിൽ മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ വിജയ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി നഷ്‌ടമാക്കിയതിൽ ഇപ്പോഴും ദേഷ്യമുണ്ടെന്ന് ലയണൽ മെസി. പോളണ്ട് ഗോള്‍കീപ്പര്‍ ഫൗള്‍ ചെയ്തതിനു വിവാദ പെനാല്‍റ്റി വാറിലൂടെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കിക്കെടുത്ത മെസ്സിയുടെ ഷൂട്ട് പോളണ്ട് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. പെനാല്‍റ്റി കളഞ്ഞതില്‍ മത്സരശേഷം മെസ്സി നിരാശ രേഖപ്പെടുത്തി.
“പെനാൽറ്റി നഷ്‌ടമാക്കിയതിൽ എനിക്കിപ്പോഴും ദേഷ്യമുണ്ട്, പക്ഷെ ടീം അതിനു ശേഷം കൂടുതൽ കരുത്തരായി വന്നു. ഒരു ഗോൾ നേടിയാൽ അത് മത്സരത്തിൽ മാറ്റം വരുത്തുമെന്നും അവർ കൂടുതൽ ഓപ്പണാവുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. മെക്‌സിക്കോക്കെതിരെ നേടിയ വിജയം ഞങ്ങൾക്ക് വളരെയധികം സമാധാനം നൽകി. ഞങ്ങൾക്ക് വിജയം നേടണമെന്ന് ഉറപ്പിച്ചു തന്നെയാണ് ഇന്ന് കളിക്കളത്തിലേക്ക് വന്നത്.”
“ഓസ്‌ട്രേലിയക്കെതിരായ മത്സരം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും, ആരും ആരെ വേണമെങ്കിലും തോൽപ്പിക്കാം. എല്ലാം വളരെ തുല്യമാണ്. ഞങ്ങൾ എല്ലായിപ്പോഴും ചെയ്യുന്നതു പോലെ ഏറ്റവും മികച്ച രീതിയിൽ മത്സരത്തിനായി തയ്യാറെടുക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്.” മെസി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പെനാൽറ്റി നഷ്‌ടമാക്കിയെങ്കിലും മത്സരത്തിൽ ലയണല്‍ മെസി മികച്ച പ്രകടനമാണ് നടത്തിയത്. പല തവണ പോളണ്ട് ബോക്സില്‍ മെസ്സി അപായ മണി മുഴുക്കിയിരുന്നു.