ഇന്നലെ അർജൻ്റീന കൊറേഷ്യയെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരുന്നു. സെമിഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യൂറോപ്യൻ വമ്പൻമാരെ അർജൻ്റീന പരാജയപ്പെടുത്തിയത്. അർജൻ്റീനക്കു വേണ്ടി യുവ താരം ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകളും നായകൻ ലയണൽ മെസ്സി ഒരു ഗോളും നേടി വിജയത്തിന് ചുക്കാൻ പിടിച്ചു.
ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിലെ മൊറോക്കോ ഫ്രാൻസ് മത്സരത്തിലെ വിജയികളെ ആയിരിക്കും അർജൻ്റീന ഫൈനലിൽ നേരിടുക.ഈ വേൾഡ് കപ്പിൽ അർജൻ്റീനയെ മുന്നോട്ട് കൊണ്ട് പോകുന്നത് ലയണൽ മെസ്സിയാണ്.മെസ്സി തന്നെയാണ് 4 മത്സരങ്ങളിൽ മാൻ ഓ ദി മാച്ച് പുരസ്കാരം നേടിയത്. ഈ ലോകകപ്പിൽ ഇതുവരെ മൂന്ന് അസിസ്റ്റുകളും 5 ഗോളുകളും താരം സ്വന്തമാക്കി കഴിഞ്ഞു. 8 ഗോൾ കോൺട്രിബ്യൂഷൻ ആണ് താരം ലോകകപ്പിൽ നേടിയിട്ടുള്ളത്.
ഇത് താരത്തിന്റെ അവസാന വേൾഡ് കപ്പ് ആണ്. അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മെസ്സി. ഞായറാഴ്ച നടക്കുന്ന ഫൈനൽ തൻ്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരം ആയിരിക്കും എന്നാണ് മെസ്സി പറയുന്നത്. ഇന്നലത്തെ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഇത് എൻ്റെ കരിയറിലെ അവസാന ലോകകപ്പ് ആണ്. ഈ ഞായറാഴ്ച ഞാൻ കളിക്കുന്നത് എന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരം ആയിരിക്കും. ഏറ്റവും ഇമ്പ്രെസീവ് ആയിട്ടുള്ള കാര്യമാണ് ലോകകപ്പിലെ ഫൈനൽ മത്സരം കളിച്ചു കൊണ്ട് അവസാനിപ്പിക്കുക എന്നത്. ഒരുപാട് ദൂരം മറ്റൊരു വേൾഡ് കപ്പിലേക്ക് ഇനി സഞ്ചരിക്കാൻ ഉണ്ട്. അത് എൻ്റെ പ്രായം വെച്ച് നോക്കുമ്പോൾ ബുദ്ധിമുട്ടാണ്. എൻ്റെ കരിയറിലെ രണ്ടാമത്തെ ലോകകപ്പ് ഫൈനലാണ് ഞാൻ കളിക്കാൻ ഒരുങ്ങുന്നത്. അത് കഴിഞ്ഞ തവണത്തേതുപോലെ ആകില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- മെസ്സി പറഞ്ഞു