ഇന്നലെയായിരുന്നു ലോകകപ്പിലെ ഉറുഗ്വായ് ഘാന മത്സരം. മത്സരത്തിൽ വിജയം അനിവാര്യമായതുകൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഘാനക്കെതിരെ രണ്ട് ഗോളിന്റെ വിജയം നേടിയെങ്കിലും ഉറുഗ്വായുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചു. പോർച്ചുഗലിനെതിരെ ദക്ഷിണകൊറിയ വിജയിച്ചതോടെയാണ് ഉറുഗ്വായുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് അന്ത്യം വന്നത്.
ഇന്നലെ പോർച്ചുഗൽ വിജയിക്കുകയോ, സമനില ആകുകയോ ചെയ്യുകയും ഉറുഗ്വായ് വിജയിക്കുകയും ചെയ്തിരുന്നെങ്കിൽ ലാറ്റിൻ അമേരിക്കൻ വമ്പൻമാർക്ക് പ്രീക്വാർട്ടർ പ്രവേശനം നേടാമായിരുന്നു. എന്നാൽ ഉറുഗ്വായുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് അവസാനം മിനിറ്റിൽ നേടിയ ഗോളാണ് പ്രീക്വാർട്ടറിലേക്ക് ദക്ഷിണകൊറിയയെ നയിച്ചത്. അതോടെ രണ്ട് ദശകങ്ങൾക്ക് ശേഷം ഉറുഗ്വായ് ലോകകപ്പിൽ നിന്നും ആദ്യ റൗണ്ടിൽ പുറത്തായി.
ഇപ്പോഴിതാ മത്സരശേഷം ഉറുഗ്വായ് സൂപ്പർ താരം ലൂയിസ് സുവാരസ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫിഫ എപ്പോഴും ഉറുഗ്വായിക്ക് എതിരെ ആണെന്നാണ് ലൂയിസ് സുവാരസ് പറഞ്ഞത്.”ഇന്നലെ മത്സരത്തിന് ശേഷം എൻ്റെ കുടുംബത്തെ പോയി ഒന്ന് കെട്ടിപ്പിടിക്കുവാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഫിഫ അതിന് പോലും സമ്മതിച്ചില്ല.
ഫിഫയുടെ ആളുകൾ വന്ന് അതിന് അനുവാദമില്ല എന്ന് പറഞ്ഞു. ഇന്നലെ റഫറിയുടെ വിധികളും ഞങ്ങൾക്ക് എതിരെ ആയിരുന്നു. ഞങ്ങൾ ഓരോ ആളുകളും മികച്ചത് ഗ്രൗണ്ടിൽ നൽകിയിട്ടും ഈ അവസ്ഥ ഞങ്ങളെ വേദനിപ്പിക്കുന്നു. ഞങ്ങൾ ഒരുപാട് പ്രതീക്ഷയിൽ ആയിരുന്നു. പക്ഷേ ഞങ്ങളുടെ ലക്ഷ്യപൂർത്തീകരിക്കാൻ സാധ്യമായില്ല. എല്ലാവരോടും അടുത്ത റൗണ്ടിൽ ഞങ്ങൾക്ക് കടക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു.”- സുവാരസ് പറഞ്ഞു.