ഉറുഗ്വായ് ടീമിലെ ഇതിഹാസ താരമാണ് ലൂയിസ് സുവാരസ്. കരിയറിൽ ചില സമയങ്ങളിൽ വലിയ വലിയ വിവാദങ്ങൾക്ക് താരം തിരി കൊളുത്താറുണ്ട്. സുവാരസിൻ്റെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ലോകകപ്പിൽ പന്ത് കൈകൊണ്ട് തട്ടിയിട്ടത്.
2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഘാനക്ക് എതിരെയായിരുന്നു താരം അത്തരം പ്രവർത്തി ചെയ്തത്. ഘാനയുടെ പന്ത് ഗോൾ ലൈനിൽ വച്ച് കൈകൊണ്ട് തട്ടി അവരുടെ ഗോൾ നിഷേധിക്കുകയായിരുന്നു. തുടർന്നുണ്ടായ സന്ദർഭത്തിൽ താരത്തിന് റെഡ് കാർഡ് നൽകുകയും ഘാനക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു.ഘാന സൂപ്പർ താരം അസമാവോ ഗ്യാൻ എടുത്ത പന്ത് പിഴച്ചതോടെ ഉറുഗ്വായ് സെമിയിലേക്ക് മുന്നേറി.
ഇപ്പോഴിതാ അന്ന് പന്ത് കൈകൊണ്ട് തട്ടിയ വിഷയത്തിൽ തനിക്ക് കുറ്റബോധം ഇല്ലെന്നും മാപ്പ് പറയില്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സുവാരസ്. നിർണായക ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉറുഗ്വായ് നേരിടുന്നത് ഘാനയെ ആണ്. വെള്ളിയാഴ്ചയാണ് മത്സരം. മത്സരത്തിന് മുൻപ് നടന്ന വാർത്ത സമ്മേളനത്തിലാണ് സുവാരസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഈ വിഷയത്തിൽ ഞാൻ ഒരിക്കലും മാപ്പ് പറയില്ല. ഞാൻ ഏതെങ്കിലും ഒരു കളിക്കാരനെ മുറിവേൽപ്പിച്ച് ചുവപ്പുകാർട് കണ്ട് പുറത്തായത് ആയിരുന്നെങ്കിൽ ഞാൻ മാപ്പ് പറയുമായിരുന്നു. എനിക്ക് ചുവപ്പ് കാർഡ് ലഭിച്ചത് ഹാൻഡ് ബോൾ ആയതുകൊണ്ടാണ്. എൻ്റെ കുറ്റമല്ല ഘാനയുടെ താരം പെനാൽറ്റി പാഴാക്കിയത്. അതുകൊണ്ടുതന്നെ ഞാൻ മാപ്പ് പറയില്ല.”- സുവാരസ് പറഞ്ഞു