പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. മത്സരത്തിലുടനിളം ആക്രമിച്ചു കളിച്ച ബ്രസീലിനെ ഗോളില്‍ നിന്നും അകറ്റി നിര്‍ത്തിയത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പറായ ഡൊമനിക്ക് ലിവാകോവിച്ച്.
നെയ്മറുടെ നാല് ഷൂട്ടും, പക്വേറ്റയുടെ രണ്ടും വിനിഷ്യസിന്‍റെയും ആന്‍റണിയുടേയും ഓരോ ഗോള്‍ ശ്രമങ്ങളാണ് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ വിഫലമാക്കിയത്. തൊണ്ണൂറുമിനിറ്റ് അവസാനിക്കുമ്പോള്‍ ഒമ്പത് സേവുകളാണ് ലിവാകോവിച്ച് നടത്തിയത്. ടൂര്‍ണമെന്റിലിതുവരെ ആരും അത്രയും സേവുകള്‍ നടത്തിയിട്ടില്ല. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റോഡ്രിഗോയുടെ ഷോട്ടും തടഞ്ഞ് ലിവാകോവിച്ച് ഹീറോയായി.
അതിനിടെ മത്സരത്തിന്‍റെ 70ാം മിനിറ്റില്‍ പിറന്ന ഒരു കണക്കും ലിവാകോവിച്ചിന്‍റെ പ്രകടനത്തെ എടുത്തു കാണിക്കുന്നതാണ്. 70ാം മിനിറ്റില്‍ ലിവാകോവിച്ചിന്‍റെ ആ മത്സരത്തിലേ സേവുകള്‍ ആറെണ്ണമായിരുന്നു. മറുവശത്ത് ബ്രസീലിന്‍റെ ഗോള്‍കീപ്പറായിരുന്ന അലിസണ്‍ ആ ടൂര്‍ണമെന്‍റില്‍ സേവ് ചെയ്തത് വെറും അഞ്ചെണ്ണമായിരുന്നു.
ഇത് രണ്ടാം ഷൂട്ടൗട്ട് കടന്നാണ് ക്രൊയേഷ്യ സെമിയില്‍ എത്തുന്നത്. പ്രീക്വാര്‍ട്ടറില്‍ 3 ഷൂട്ടുകള്‍ രക്ഷപ്പെടുത്തിയാണ് ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടറില്‍ എത്തിച്ചത്.