ഫൈനലിൽ ഫ്രാൻസ് വേണോ മൊറോക്കോ വേണോ? ഉത്തരം നൽകി സ്കലോണി

ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ഫൈനലിൽ സ്ഥാനം നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന്റെ അനായാസ വിജയം ആയിരുന്നു അർജൻ്റീന നേടിയത്. നായകൻ ലയണൽ മെസ്സി ഒരു ഗോളും,യുവതാരം ജൂലിയൻ അൽവാരസ് ഇരട്ട ഗോളും നേടിയാണ് ആദ്യ സെമിഫൈനലിൽ അര്‍ജന്‍റീനക്ക് വിജയം സമ്മാനിച്ചത്.

ഒരു ഘട്ടത്തിൽ പോലും അർജൻ്റീനക്ക് വെല്ലുവിളി ഉയർത്താൻ ക്രൊയേഷ്യക്ക് സാധിച്ചില്ല. കളിയിലെ മുഴുവൻ മേഖലകളിലും മുൻത്തൂക്കം അർജൻ്റീനക്കായിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഫ്രാൻസ് മൊറോക്കോ പോരാട്ടത്തിലെ വിജയികളെ ആയിരിക്കും അർജൻ്റീന ഫൈനലിൽ നേരിടുക. ഇപ്പോഴിതാ ഈ ടീമുകളിൽ ആരെയാണ് കലാശ പോരാട്ടത്തിൽ നേരിടാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അർജൻ്റീന പരിശീലകൻ ലയണൽ സ്‌കലോണി.

images 2022 12 14T180147.041

എന്നാൽ ആ ചോദ്യത്തിന് ഉത്തരമായി ആരെയും തിരഞ്ഞെടുക്കാൻ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല ആരെ വന്നാലും ശക്തമായി തങ്ങൾ നേരിടും എന്നും അദ്ദേഹം പറഞ്ഞു. “ഒരിക്കലും ഞാൻ എതിരാളികളെ തിരഞ്ഞെടുക്കില്ല. ഞങ്ങൾ ആര് വന്നാലും അവരെ നേരിടാൻ തയ്യാറാണ്. ഇവിടെ എത്താൻ രണ്ടു ടീമുകളും അർഹതപ്പെട്ടവരാണ്.

രണ്ടും മികച്ച ടീമുകളാണ്. ഞങ്ങൾക്ക് ഞങ്ങളുടെ ടീമിലെ ഭൂരിഭാഗം കളിക്കാർക്കും അവസരം നൽകുവാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. അത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഈ ടീമിൻ്റെ കരുത്ത് ഒത്തൊരുമയാണ്.”- സ്കലോണി പറഞ്ഞു. എന്തായാലും കലാശ പോരാട്ടത്തിൽ ആരായിരിക്കും അര്‍ജന്‍റീനയുടെ എതിരാളികൾ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. ശക്തമായ സെമിഫൈനൽ തന്നെ ഇന്ന് കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേക്ഷകർ.

Previous articleഞായറാഴ്ച ലോകകപ്പിലെ എൻ്റെ അവസാന മത്സരം; ഔദ്യോഗിക പ്രഖ്യാപനവുമായി മെസ്സി.
Next articleഎല്ലാവര്‍ക്കും ഞങ്ങള്‍ തോല്‍ക്കണമായിരുന്നു ; എമിലിയാനോ മാർട്ടിനസ്