ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ നെതർലാൻഡ്സ് അർജൻ്റീന ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ യൂറോപ്പ്യൻ വമ്പൻമാരെ തകർത്ത് അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചു. ഇരു ടീമുകളും മുഴുവൻ സമയം 2-2 സമനിലയിൽ ആയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
അർജൻ്റീന ഗോൾകീപ്പർ എമി മാർട്ടിനസ്സാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ലാറ്റിൻ അമേരിക്കൻ വമ്പൻമാരെ രക്ഷപ്പെടുത്തിയത്. മത്സരത്തിൽ നിരവധി യെല്ലോ കാർഡുകൾ ആയിരുന്നു റഫറി ലാഹോസ് നൽകിയത്. അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും മത്സരത്തിൽ ചില തെറ്റായ തീരുമാനങ്ങളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ മത്സരത്തിന് ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. പണി അറിയാവുന്നവരെ റഫറിയായി പിടിച്ചു നിർത്തണം എന്നാണ് സൂപ്പർ താരം പറഞ്ഞത്. “എനിക്ക് നല്ല ദേഷ്യം ഉണ്ട്. ഇത് അവസാനിക്കേണ്ടത് ഈ രൂപത്തിൽ അല്ല. റഫറിയെ കുറിച്ച് സംസാരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കളിക്കളത്തിൽ മത്സരത്തിനിടയിൽ ഞങ്ങൾ നന്നായി പേടിച്ചിരുന്നു. ഞങ്ങൾക്ക് ഇത് ഇങ്ങനെയൊക്കെ തന്നെ ആകും എന്ന് നേരത്തെ അറിയാമായിരുന്നു. ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഫിഫയാണ്. ഇത്തരത്തിലുള്ള റഫറിമാരെ ഇങ്ങനെയുള്ള മത്സരങ്ങളിൽ നിയോഗിക്കാൻ പാടില്ല. സത്യസന്ധത പുലർത്താൻ അവർക്ക് കഴിയുന്നില്ല. മൈതാനത്ത് പലപ്പോഴും ചായ്‌വ് തോന്നിക്കുന്ന ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.”- മെസ്സി പറഞ്ഞു