ഇന്നലെയായിരുന്നു ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഘാനയെ പോർച്ചുഗൽ പരാജയപ്പെടുത്തി. മത്സരത്തിലെ രണ്ടാം പകുതിയിലായിരുന്നു 5 ഗോളുകളും പിറന്നത്.
പോർച്ചുഗലിനു വേണ്ടി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. ജാവോ ഫെലിക്സ്,ലിയോ എന്നിവർ കൂടി പറങ്കിപ്പടക്ക് വലകുലുക്കി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പോർച്ചുഗൽ ഗോളി ഡിയാഗോ കോസ്റ്റയുടെ ഒരു പിഴവാണ്.
ആ ഒരു പിഴവ് ഒരുപക്ഷേ കളിയുടെ വിധി തന്നെ മാറ്റാൻ കഴിവുള്ളതായിരുന്നു. എക്സ്ട്രാ ടൈമിലെ അവസാന മിനിറ്റിൽ 3-2 എന്ന സ്കോറിൽ നിൽക്കുമ്പോൾ ആയിരുന്നു സംഭവം. ആ നിമിഷമാണ് പറങ്കിപ്പടയുടെ കാവൽക്കാരൻ കളി മറന്നത്. ഒരു അറ്റാക്കുമായി വന്ന ഘാനയയുടെ പന്ത് പിടിച്ചടക്കിയ ശേഷം പോർച്ചുഗൽ താരങ്ങൾക്ക് കൊടുക്കാൻ നോക്കുകയായിരുന്നു കോസ്റ്റ.
എന്നാൽ താരത്തിന്റെ പിന്നിൽ ഘാന സ്ട്രൈക്കർ ഇനാക്കി വില്യംസ് ഉണ്ടായിരുന്നു. അക്കാര്യം കോസ്റ്റ അറിഞ്ഞില്ല. പന്ത് നിലത്തിട്ട് പാസ് കൊടുക്കുവാൻ കോസ്റ്റ ശ്രമിച്ചു. ഇതിനിടയിൽ ഇനാക്കി വില്യംസ് പിന്നിൽ നിന്നും ഓടിവന്നു. പന്ത് കോസ്റ്റയുടെ കാലിൽ നിന്നും എടുത്തെങ്കിലും ഇനാക്കി വില്യംസ് സ്ലിപ്പായി. ആ സ്ലിപ്പ് ആയത് വലിയ നാണക്കേടിൽ നിന്നുമാണ് പോർച്ചുഗലിനെ രക്ഷിച്ചത്. അല്ലെങ്കിൽ ഒരു പക്ഷേ എന്നത്തേക്കും നാണക്കേടായി ആ ഗോൾ പിറന്നേനെ.