ഇത്തവണത്തെ ഐഎസ്എല്ലിൽ വിജയവുമായി വമ്പന്‍ തുടക്കമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. എന്നാൽ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ കനത്ത തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തി. എന്നാലും കഴിഞ്ഞതവണ ആദ്യം മത്സരം തോറ്റു ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഫൈനലിൽ എത്തി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഞായറാഴ്ച്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മൂന്നാം മത്സരം. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഒഡീഷ എഫ്.സിക്ക് എതിരെയാണ്. ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് ഒമ്പതാം സീസണിലെ ആദ്യ പോരാട്ടത്തിന് ഇവാൻ വുക്കാമനോവിച്ചും സംഘവും തയ്യാറെടുക്കുന്നത്.
ആദ്യം ഡൽഹി ഡൈനാമോസ് ആയിരുന്ന ടീം പിന്നീട് ഒഡീഷ എഫ് സി യിലേക്ക് മാറുകയായിരുന്നു. ഇരുവരും ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 18 തവണ ഏറ്റുമുട്ടിയപ്പോൾ 7 തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ വിജയം നിന്നു. നാലുതവണ ഒഡീഷ വിജയിക്കുകയും ഏഴുതവണ മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഇരു ടീമുകളും 24 വീതം ഗോളുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ രണ്ടുതവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടു പ്രാവശ്യവും ബ്ലാസ്റ്റേഴ്സ് ആയിരുന്നു വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ എവേ മത്സരത്തിന് ഒരുങ്ങുമ്പോൾ ഒഡീഷയുടെ ആദ്യ ഹോം മത്സരമാണിത്. രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു പോയിൻ്റ് ഉള്ള ഇരു ടീമുകളും പോയിൻ്റ് പട്ടികയിൽ 8,9 സ്ഥാനങ്ങളിലാണ്. എന്തുതന്നെയായാലും ഒഡീഷയെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്ത് വിജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.