ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച് കേരളം വിജയ വഴിയിലേക്ക് തിരിച്ചെത്തി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന്‍റെ വിജയമാണ് നേടിയത്. വിജയത്തോടെ 22 പോയിന്‍റുമായി കേരളം മൂന്നാമതായി. തുടര്‍ച്ചയായ ഏഴാം മത്സരമാണ് കേരളം പരാജയപ്പെടാതെ മുന്നേറുന്നത്.
ആദ്യ പകുതിയില്‍ കാര്യമായ അവസരം കേരളത്തിനു സൃഷ്ടിക്കാനായില്ല. ആദ്യ പകുതിയില്‍ ലൂണ നിശ്ബദനായപ്പോള്‍ കേരളത്തിന്‍റെ ആക്രമണങ്ങള്‍ കാണാനായില്ലാ. മറുവശത്ത് റെയ്നിയര്‍ ഫെര്‍ണാണ്ടസിന്‍റെ ഒരു ഷോട്ട് ബാറിലിടിച്ച് മടങ്ങി ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ ലൂണയും കലുഷ്ണിയും സഹലും ചേര്‍ന്ന് ഒഡീഷ് ബോക്സിലേക്ക് എത്തി. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഭാഗ്യക്കേടും കനത്ത പ്രതിരോധവും കാരണം ഗോളില്‍ നിന്നും അകറ്റി നിര്‍ത്തി. 83ാം മിനിറ്റില്‍ ലൂണയുടെ ബുദ്ധിപരമായ ഫ്രീകിക്കില്‍ നിന്നും മികച്ച അവസരം കിട്ടിയെങ്കിലും ഗോളാക്കാനായില്ലാ.
എന്നാല്‍ തൊട്ടു പിന്നാലെ കേരളത്തിന്‍റെ ഗോള്‍ എത്തി. ബ്രൈസ് മിറാന്‍ഡ നല്‍കിയ ക്രോസ് പിടിച്ചെടുക്കാന്‍ അമരീന്ദര്‍ സിങ്ങിനു പിഴച്ചു. ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റി നിന്നതോടെ സന്ദീപിന്‍റെ ഹെഡര്‍ വലയില്‍ എത്തി.
ഇഞ്ചുറി ടൈം നന്നായി പ്രതിരോധിച്ച് കേരളം വിജയിച്ചു. പകരക്കാരനായി ഇറങ്ങിയ നിഹാല്‍ ശ്രദ്ദേയ പ്രകടനം കാഴ്ച്ചവച്ചു.
കേരളത്തിന്‍റെ അടുത്ത മത്സരം ജംഷ്ദപൂരിനെതിരെയാണ്.