കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ രണ്ടുവർഷത്തിനുശേഷം ഐഎസ്എൽ അധികൃതർ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിച്ചു.
ഹൈദരാബാദും കേരള ബ്ലാസ്റ്റേഴ്സും തമ്മിലായിരുന്നു ഫൈനൽ പോരാട്ടം. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞക്കടൽ സ്റ്റേഡിയത്തിൽ നിറയും എന്ന് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർക്ക് ആവേശം പകരാൻ പതിനായിരത്തോളം മഞ്ഞപ്പട സ്റ്റേഡിയത്തിൽ അണിനിരന്നു.
എന്നാൽ ആർത്തിരമ്പിയ ഫൈനൽ പോരാട്ടത്തിൽ മഞ്ഞക്കടലിനു മുൻപിൽ കൊമ്പൻമാർക്ക് വിജയിക്കാനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പന്മാർ വീണു.
ഇപ്പോഴിതാ മഞ്ഞപ്പടയുടെ ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് കോച്ച് ഇവാൻ. കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഓരോ നിമിഷവും ആസ്വദിച്ചു എന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ..
“ഞങ്ങൾ ആരാധകർക്കു മുന്നിൽ കളിച്ചിട്ട് രണ്ടു വർഷത്തിലേറെയായി എന്ന് ഈ ഗെയിമിന് മുമ്പ് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. കോവിഡ് മഹാവ്യാധി മൂലം രണ്ടുവർഷത്തിനുശേഷം ആരാധകരെ കാണുന്നത് പ്രത്യേകത ഉള്ളതായിരുന്നു. ഞങ്ങൾ അവസാനമായി ആരാധകരുടെ മുന്നിലെത്തിയതും അവർ ഞങ്ങളെ നിരീക്ഷിക്കുന്നതും ഓർക്കാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ. ശരിക്കും ഓർമ്മിക്കാൻ കഴിഞ്ഞില്ല. കേരളത്തിൽ നിന്ന് യാത്ര ചെയ്ത് അവർ എത്തിയതിൽ ഞങ്ങൾക്ക് വളരെ സന്തോഷവും നന്ദിയും ഉണ്ട്. ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾ ഓരോ നിമിഷവും ആസ്വദിച്ചു. എല്ലാവർക്കും നന്ദി.”-ഇവാൻ പറഞ്ഞു.