ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സി യെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം. ലൂണ, രാഹുല്‍ എന്നിവരാണ് കേരളത്തിന്‍റെ ഗോളുകള്‍ നേടിയത്.
രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ചെന്നൈയിന്‍ എഫ്.സി ഞെട്ടിച്ചിരുന്നു. ഡച്ച് താരം അബ്ദുനാസർ എൽ ഖയാത്തിയാണ് ചെന്നൈയിനായി ഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കാഴ്ചക്കാരാക്കി എൽ ഖയാത്തിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി വലയിലെത്തുകയായിരുന്നു.
ആദ്യം തന്നെ ഗോള്‍ വഴങ്ങിയെങ്കിലും തളരാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, തുടര്‍ച്ചയായി ആക്രമണം നടത്തി. പല തവണ ബോക്സില്‍ എത്തിയെങ്കിലും ചെന്നൈ നന്നായി പ്രതിരോധിച്ചു.
എന്നാൽ 38–ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലൂണയുടെ ഗോളില്‍ സമനില കണ്ടെത്തി. സഹൽ ബോക്സിനകത്ത് നടത്തിയ മുന്നേറ്റം അനിരുദ്ധ് ഥാപ്പ തട്ടിയകറ്റിയെങ്കിലും കിട്ടിയത് ലൂണയുടെ കാലുകളില്‍. ഓടിയെത്തിയ ലൂണ പന്ത് പിടിച്ചെടുത്തു പോസ്റ്റിന്റെ വലതു മൂലയിലേക്കു മഴവില്ലുപോലെ അടിച്ചിട്ടു.
ഇതിനു ശേഷം ആദ്യ പകുതിയില്‍ രാഹുൽ കെപിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുന്നതും കാണാൻ ആയി. മറുവശത്ത് വിൻസിയുടെ ഷോട്ട് ഒരു ലോകോത്തര സേവിലൂടെ ഗില്ലും തടഞ്ഞു.
64–ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ ക്രോസിൽനിന്ന് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ പിറന്നു. രാഹുലാണ് ഗോളടിച്ചത്.
ഗോള്‍ നേടി സനില നേടാന്‍ ചെന്നൈ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോള്‍കീപ്പര്‍ ഗില്ലും കേരളത്തെ രക്ഷപ്പെടുത്തി.
വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനു 17 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റായി. പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ് കേരളം. ബാംഗ്ലൂരിനെതിരെയാണ് അടുത്ത മത്സരം.