ഇത്തവണത്തെ ഐഎസ്എൽ തുടങ്ങുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച് പറഞ്ഞ കാര്യം ഇപ്രകാരമായിരുന്നു. ഡിസംബറിൽ തങ്ങൾക്ക് പറ്റാവുന്ന പോയിന്റുകൾ എല്ലാം സ്വന്തമാക്കുകയാണെന്നും, രണ്ടാംഘട്ടത്തിൽ ഷീൽഡിന് വേണ്ടി പോരാടുകയാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അന്ന് ഇവാൻ പറഞ്ഞത്. ഇപ്പോഴിതാ ഈ വാക്കുകൾ കൃത്യമായി നടപ്പിലാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഡിസംബറിലെ ആദ്യഘട്ടം അവസാനിച്ചപ്പോൾ 11 മത്സരങ്ങളിൽ നിന്നും 22 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ 7 മത്സരങ്ങളിൽ 6 വിജയവും ഒരു സമനിലയും അടക്കം തോൽവി അറിയാതെ മുന്നേറുകയാണ് മഞ്ഞപ്പട. നിലവിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ എഫ്.സിയുമായി 5 പോയിൻ്റ് വ്യത്യാസം മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. പോയിൻ്റ് പട്ടികയിൽ മുമ്പിൽ ഉള്ളവരുമായി ഇനി നേരിടുമ്പോൾ അനുകൂല റിസൾട്ട് വന്നാൽ ഒന്നാം സ്ഥാനത്തേക്ക് അനായാസം എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.
സീസണിലെ ആദ്യ മത്സരം വിജയിച്ച തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെടുകയായിരുന്നു. അവിടെ നിന്നും കളി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് കൃത്യമായ ഒത്തിണക്കത്തിലൂടെ ഓരോ മത്സരങ്ങളും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഉയരങ്ങളിലേക്ക് കയറി വന്നു. 9 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഐഎസ്എല്ലിൽ അവശേഷിക്കുന്നത്.
പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം ജനുവരി എട്ടിനാണ്. മുംബൈയിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ അവരെ തോൽപ്പിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സിന് ആദ്യമായി ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കാൻ സാധിച്ചേക്കും. അങ്ങനെയാണെങ്കിൽ ഈ സീസണിലെ തുടക്കത്തിൽ ടീം മാനേജ്മെൻ്റ് തങ്ങളുടെ മുഖ്യ ലക്ഷ്യമായി പറഞ്ഞ എ.എഫ്.സി കപ്പിലേക്കുള്ള യോഗ്യത ബ്ലാസ്റ്റേഴ്സിന് ലഭിക്കും.