തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ബാംഗ്ലൂർ എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഈ വരുന്ന വെള്ളിയാഴ്ചയാണ് മത്സരം. ഈ മത്സരത്തിലെ വിജയികൾ സെമിഫൈനലിലേക്ക് യോഗ്യത നേടും.
സെമി ഫൈനലിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെ ആയിരിക്കും ഈ മത്സരത്തിലെ വിജയികൾ നേരിടുക. ഇപ്പോഴിതാ പ്ലേ ഓഫ് മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിശീ ലകൻ ഇവാൻ വുകാമനോവിച്ച്. ബ്ലാസ്റ്റേഴ്സിൽ നിന്നും മനോഹരമായ ഫുട്ബോൾ പ്ലേ ഓഫിൽ പ്രതീക്ഷിക്കരുത് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്.
“പരീക്ഷണങ്ങളുടെ സമയം കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്‍റെ കളി പ്ലേ ഓഫിൽ ഇറങ്ങുമ്പോൾ മാറും. അഴകുള്ള കളി പ്രതീക്ഷിക്കേണ്ട. എങ്ങനെയെങ്കിലും വിജയിക്കുക മാത്രമാണ് ലക്ഷ്യം. തോറ്റാൽ സീസൺ അവസാനിക്കും. അതുകൊണ്ടു തന്നെ പ്ലേ ഓഫിൽ എത്തിയ മറ്റ് ടീമുകളും ഇതേ രീതിയിൽ തന്നെ ആയിരിക്കും കളിക്കുക.”-കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
ബാംഗ്ലൂരിന്റെ ഗ്രൗണ്ടിൽ അവസാന 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇത്തവണത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കൊച്ചിയിൽ ബാംഗ്ലൂരിനെതിരെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറങ്ങുമ്പോൾ ആരാധകരുടെ ചങ്കിടിപ്പ് ഏറും. എന്തുതന്നെയായാലും ആവേശകരമായ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഇരു ടീമുകളുടെയും ആരാധകർ.