ആദ്യദിനം ഓസീസിനു സ്വന്തം. ഇന്ത്യക്ക് സ്വപ്നം കാണാത്ത തിരിച്ചടി

FqIMbznaAAIajh1

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കൃത്യമായ ആധിപത്യം നേടിയെടുത്ത് ഓസ്ട്രേലിയൻ ടീം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ മികച്ച ബോളിങ്ങിലൂടെ ചുരുട്ടികെട്ടാനും, മറുപടി ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാനും ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. സ്കോര്‍ ഇന്ത്യ 109ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 156-4.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുതെറിഞ്ഞ കുനേമാനാണ് ഓസീസിന് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. വളരെ അപ്രതീക്ഷിതമായ ബോളിംഗ് പ്രകടനം തന്നെയാണ് കുനെമാന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ നടത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഓസ്ട്രേലിയ പൂർണമായും വരിഞ്ഞുമുറുകുന്നതാണ് കണ്ടത്. കൃത്യമായ ലൈനിലും ലെങ്തിലും ശ്രദ്ധിച്ച അവർ ഇന്ത്യയുടെ ഒരു ബാറ്ററെപോലും ക്രീസിലുറയ്ക്കാൻ അനുവദിച്ചില്ല. 22 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ്പ് സ്കോറർ. പുതുതായി ടീമിലേക്കെത്തിയ ശുഭമാൻ ഗിൽ 21 റൺസ് നേടിയപ്പോൾ 17 റൺസെടുത്ത ഭരതും ഉമേഷും ഇന്ത്യയെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചു. ഓസ്ട്രേലിയക്കായി കുനെമാൻ 5 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, ലയൺ മൂന്നു വിക്കറ്റുകളുമായി പിന്തുണ നൽകി. അങ്ങനെ കേവലം 109 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് വളരെ ശ്രദ്ധയോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണർ ഹെഡിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഖവാജയും ലാബുഷാനെയും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് അവർക്കായി സൃഷ്ടിച്ചു. ഖവാജ 61 റൺസ് നേടിയപ്പോൾ, 31 റൺസായിരുന്നു ലബുഷാനെയുടെ സംഭാവന. അങ്ങനെ ഇന്ത്യയ്ക്കുമേൽ കൃത്യമായ ലീഡ് നേടാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ആദ്യദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 156 ന് 4 എന്ന നിലയിലാണ് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ ഇതിനോടകം തന്നെ 47 റൺസിന്റെ ലീഡ് ഓസീസ് നേടിയിട്ടുണ്ട്.

Read Also -  "ഇത് സുവർണാവസരം, ഈ ലോകകപ്പിൽ നീ പ്രതിഭ തെളിയിക്കണം. പിന്നെയാർക്കും പുറത്താക്കനാവില്ല"- സഞ്ജുവിന് ഗംഭീറിന്റെ ഉപദേശം..
0b07d5d0 c239 4cf4 ba7b 26ec40c3b4fb

ഖവാജ മടങ്ങിയതിന് പിന്നാലെ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച സ്മിത്ത് പിന്നാലെ ജഡേജയുടെ പന്തില്‍ കെ എസ് ഭരത്തിന് ക്യാച്ച് നല്‍കി മടങ്ങി.26 റണ്‍സായിരുന്നു സ്മിത്തിന്‍റെ സംഭാവന. എന്നാല്‍ പിന്നീട് കാമറൂണ്‍ ഗ്രീനും (6) ഹാന്‍ഡ്സ്കോംബും (7) പിടിച്ചു നിന്നതോടെ ഓസീസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യദിവസത്തെ ആധിപത്യമുറപ്പിച്ചു.

ഇന്ത്യയ്ക്കായി ജഡേജ 4 വിക്കറ്റുകൾ ഒന്നാം ദിവസം നേടുകയുണ്ടായി. എന്നിരുന്നാലും മറ്റു ബോളർമാർക്ക് വിക്കറ്റുകൾ നേടാൻ സാധിക്കാത്തത് ഇന്ത്യയെ ബാധിച്ചു. നിലവിൽ മത്സരത്തിൽ വലിയ പ്രതിസന്ധിയിൽ തന്നെയാണ് ഇന്ത്യ രണ്ടാം ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയയെ പുറത്താക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.

Scroll to Top