കഴിഞ്ഞ രണ്ട് സീസണുകളിലായി സെർബിയൻ കോച്ച് ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരതയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ ഐഎസ്എല്ലിൽ 10 മത്സരങ്ങളിൽ നിന്ന് 6 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 19 പോയിന്റുകളുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽക്കുകയായിരുന്നു. പിന്നീട് അവിടെ നിന്നും ഉയർത്തെഴുന്നേറ്റ് തുടർച്ചയായി അഞ്ചു മത്സരങ്ങൾ വിജയിച്ചാണ് ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ സമനില നേടാനാണ് ബ്ലാസ്റ്റേഴ്സിന് സാധിച്ചത്. ഇപ്പോഴിതാ തൻ്റെ ടീമിലെ ഭാവി കാര്യങ്ങളെക്കുറിച്ചും കിരീട സ്വപ്നത്തെ കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇവാൻ ആശാൻ.
“ഇപ്പോൾ ഞങ്ങൾ നോക്കുന്നത് സ്ഥിരതയാണ്. ഭാവിയിലേക്ക് ടീമിനെ പടുത്തുയർത്തുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് വലിയ രീതിയിലുള്ള ലക്ഷ്യങ്ങൾ തീർച്ചയായും ഉണ്ട്. ഐഎസ്എൽ കിരീടവും ഷീൽഡും എല്ലാം ഞങ്ങൾക്ക് നേടണം. അതിന് വേണ്ടിയുള്ള സംസ്കാരമാണ് ഞങ്ങൾ വളർത്തുന്നത്.” ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിപ്പിച്ചത് കലാശ പോരാട്ടത്തിൽ ആയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ അന്ന് ഹൈദരാബാദിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സ് അന്ന് വീണു പോയത്.
ബ്ലാസ്റ്റേഴ്സിനെ ഇന്നത്തെ മികച്ച രീതിയിലേക്ക് വളർത്തി എടുത്തത് ഇവാൻ വുകാമാനോവിച്ച് തന്നെയാണ്. മികച്ച പോരാട്ട വീര്യത്തോടെ ബ്ലാസ്റ്റേഴ്സിനെ ഒരുക്കിയതും ആശാൻ ഒരാൾ തന്നെയാണ്. നിലവിൽ അദ്ദേഹം ശ്രമിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബായി ബ്ലാസ്റ്റേഴ്സിനെ മാറ്റിയെടുക്കാനും കിരീടം നേട്ടം ശീലമാക്കുന്ന ഒരു ക്ലബ്ബായി ബ്ലാസ്റ്റേഴ്സിനെ തയ്യാറാക്കി മികച്ച താരങ്ങളെ സൃഷ്ടിച്ച് ഇന്ത്യയിലെ കരുത്തരാക്കുക എന്ന ഉദ്ദേശവുമാണ്.