ലോകകപ്പ് യോഗ്യതയ്ക്കുള്ള നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ അസൂറി പടക്ക് കാലിടറി. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് ഉണ്ടാവില്ല. ഇതാദ്യമായാണ് ഇറ്റലി രണ്ടുതവണ അടുപ്പിച്ച് ലോകകപ്പ് കളിക്കാതെ ഇരിക്കുന്നത്. നോർത്ത് മാസിഡോണിയ ആണ് ഇറ്റലിയെ അട്ടിമറിച്ചത്.
കളിയുടെ മുഴുവൻ സമയവും കഴിഞ്ഞ് ഇൻജുറി ടൈമിലാണ് മാസിഡോണിയ ഇറ്റലിക്കെതിരെ ഗോൾ നേടിയത്. 66% ബോൾ പൊസിഷൻ, 32 ഷോട്ടുകൾ, 16 കോർണറുകൾ ഇതൊന്നും ഇറ്റലിക്ക് തുണയായില്ല. ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം ഇറ്റലി ക്കൊപ്പം ഉണ്ടായിരുന്നില്ല. തുടക്കംമുതലേ നോർത്ത് മാസിഡോണിയൻ ബോക്സിനകത്തായിരുന്നൂ ഇറ്റലി.
എന്നാൽ മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ അലക്സാണ്ടർ ട്രെജ്ക്കോവ്സിക്കിയുടെ ഗോളിലൂടെ നോർത്ത് മാസിഡോണിയ അസൂറി പടയെ ലോകകപ്പ് കാണിക്കാതെ പുറത്താക്കി. മികച്ച പ്രതിരോധ കോട്ട തന്നെയായിരുന്നു മാസിഡോണിയ ഇറ്റലിക്കെതിരെ ഉയർത്തിയത്.
അതേസമയം നിർണായകമായ മത്സരത്തിൽ തുർക്കിയെ തകർത്ത് റൊണാൾഡോയും സംഘവും ലോകകപ്പ് യോഗ്യതക്കരികിലെത്തി. മാത്യൂസ് ന്യൂനസ്, ഡിയാഗോ ജോട്ട, ഒട്ടാവിയോ എഡ്മിൽസൺ എന്നിവർ പറങ്കിപ്പടയുടെ നിർണായക വിജയത്തിന് ഗോളുകൾ നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിൻ്റെ വിജയം. തുർക്കിയുടെ ആശ്വാസഗോൾ ബുറാഖ് യിൽമാസ് നേടി.
മത്സരത്തിൽ സമനില നേടാൻ പെനാൽറ്റിയിലൂടെ തുർക്കിക്ക് അവസരം ലഭിച്ചിരുന്നു. എന്നാലത് വലയിൽ എത്തിക്കാൻ അവർക്കായില്ല. പ്ലേ ഓഫിലെ അവസാന മത്സരത്തിൽ നോർത്ത് മാസിഡോണിയയെ തകർത്താൽ പോർച്ചുഗലിന് ഖത്തർ ലോകകപ്പിന് ടിക്കറ്റ് എടുക്കാം.