രണ്ടുവട്ടം ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട് എങ്കിലും രണ്ടുവട്ടവും തലതാഴ്ത്തി മടങ്ങാനായിരുന്നു കൊമ്പൻമാരുടെ വിധി. രണ്ടു പ്രാവശ്യവും ഫൈനലിൽ കൊമ്പൻമാരുടെ വില്ലനായത് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ആയിരുന്നു. എന്നാൽ ഇത്തവണ ആ വില്ലൻ സെമിഫൈനലിൽ തന്നെ പുറത്തായി.
ഹൈദരാബാദിനെ ആണ് കലാശപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ നേരിടുന്നത്. ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചരിത്രത്തിലെ ആദ്യ ഐഎസ്എൽ കിരീടം നേടാനാകുമെന്ന് പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ. ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ടീമുകളുടെയും ഹോം ജഴ്സി മഞ്ഞ ആണെന്ന പ്രത്യേകതയുമുണ്ട് ഈ ഫൈനലിന്.
എന്നാൽ ഐഎസ്എൽ നിയമപ്രകാരം ഹൈദരാബാദിന് ആയിരിക്കും മഞ്ഞ ജഴ്സി അണിഞ്ഞു കളിക്കാൻ സാധിക്കുക
2014 ലെ ആദ്യ സീസണിൽ കോച്ചും കളിക്കാരനും ആയ ഡേവിഡ് ജെയിംസിന് കീഴിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആദ്യമായി ഫൈനൽ കളിച്ചത്. 2016 സ്റ്റീവ് കോപ്പൽ എന്ന ആശാൻ കീഴിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ വീണ്ടും അടിയറവ് പറയേണ്ടി വന്നു.
സെർബിയൻക്കാരനായ ഇവാൻ വുകാമനോവിചിന് തന്നെയാണ് ഇക്കൊല്ലത്തെ എല്ലാ ക്രെഡിറ്റും. കഴിഞ്ഞ സീസണ്കളിൽ തകർന്നിരുന്ന ബ്ലാസ്റ്റേഴ്സിനെ ഫുട്ബോളിൻ്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇവാനാണ്. 20 മത്സരങ്ങളായിരുന്നു പ്രാഥമിക റൗണ്ടിൽ കേരളബ്ലാസ്റ്റേഴ്സ് കളിച്ചത്.
9 വിജയങ്ങളും 7 സമനിലകളും നാലു തോൽവികളും അടക്കം 34 പോയിൻറ് നേടി ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഏറ്റവും കൂടുതൽ പോയിൻറ് എന്ന റെക്കോർഡ് ഇത്തവണ കൊമ്പന്മാർ സ്വന്തമാക്കി. ആദ്യമായാണ് ഒരു സീസണിൽ പ്ലേ ഓഫ് ഉൾപ്പെടെ പത്ത് വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുന്നത്.
ഐഎസ്എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സീസണും ഇതുതന്നെ. 36 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ 25 ഗോളുകൾ വഴങ്ങി.
ഇത്തവണത്തെ ഐഎസ്എൽ ഫൈനലിന് ആരാധകർക്ക് പ്രവേശിക്കാമെന്ന പ്രത്യേകതകൂടിയുണ്ട്. കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയങ്ങൾ നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഫൈനലിൽ തുറക്കുന്നത്. അതുകൊണ്ടുതന്നെ ഫൈനൽ മഞ്ഞക്കടൽ ആകും എന്നതിൽ യാതൊരുവിധ തർക്കവുമില്ല. കേരളത്തിൽ ഫാൻ പാർക്കുകളും മഞ്ഞപ്പടയുടെ ആരാധകർ ഒരുക്കിയിട്ടുണ്ട്. എന്തുതന്നെയായാലും ആദ്യ കിരീടത്തിൽ മുത്തമിട്ട് കേരള ബ്ലാസ്റ്റേഴ്സ് കിരീടവുമായി കൊച്ചിയിൽ പറന്നിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.