ലോകകപ്പ് കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ എതിരാളികൾ അർജൻ്റീനയാണ്. ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് കലാശ പോരാട്ടം അരങ്ങേറുന്നത്. ഇരു ടീമുകളും തകർപ്പൻ ഫോമിൽ ആയതിനാൽ ആര് വിജയിക്കും എന്ന കാര്യം പ്രവചിക്കാൻ പറ്റില്ല.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്താൻ ആയിരിക്കും ഇറങ്ങുക. അതേ സമയം അർജൻ്റീന തങ്ങളുടെ നായകനായ ലയണൽ മെസ്സിക്ക് ഒരു ലോക കിരീടം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും ഫൈനലിന് ഇറങ്ങുന്നത്. ഫുട്ബോളിലെ സാധ്യമായ എല്ലാ കിരീടങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് ഇനി അവശേഷിക്കുന്നത് ലോകകപ്പ് മാത്രമാണ്.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അർജൻ്റീനക്ക് സൂപ്പർ താരം ഡി മരിയയുടെ സേവനം സ്റ്റാർട്ടിങ് ഇലവനിൽ ലഭ്യമായിരുന്നില്ല. പരിക്കു മൂലമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം ആദ്യ ഇലവനിൽ ഉണ്ടാകാതിരുന്നത്. ഇപ്പോഴിതാ എല്ലാ അർജൻ്റീന ആരാധകർക്കും സന്തോഷം നൽകുന്ന വാർത്തയാണ് അര്‍ജന്‍റീനയുടെ ക്യാമ്പിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.
സൂപ്പർതാരം പരിക്കിൽ നിന്നും മോചിതനായ വാർത്തയാണ് പുറത്തുവരുന്നത്. അർജൻ്റീനൻ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പക്ഷേ കലാശ പോരാട്ടത്തിൽ ആദ്യ ഇലവനിൽ താരം കളിക്കുമോ എന്ന കാര്യം ഇതു വരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വേൾഡ് കപ്പിന് ശേഷം വിരമിക്കും എന്ന് നേരത്തെ അറിയിച്ചിട്ടുള്ള താരത്തിന്റെ അവസാന മത്സരം കൂടിയായിരിക്കും ഈ ഫൈനൽ.