ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിയില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം.
ആവേശം നിറന്ന ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവച്ചത്. 17ാം മിനിറ്റില്‍ ഇംഗ്ലണ്ട് ബോക്സിലേക്ക് കൗണ്ടര്‍ അറ്റാക്കിങ്ങ് നടത്തിയതിനെ തുടര്‍ന്ന് ഗ്രീസ്മാന്‍റെ പാസ്സില്‍ നിന്നും ഔറേലിയന്‍ ചൗമേനിയാണ് ലീഡ് നല്‍കിയത്.
സമനില ഗോള്‍ കണ്ടെത്താനായി പലവട്ടം ഫ്രഞ്ച് ബോക്സിലേക്ക് ഇംഗ്ലണ്ട് എത്തി. കെയ്നിന്‍റെ ഒരു ശ്രമം ഫ്രാന്‍സ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. ഇംഗ്ലണ്ട് താരത്തെ വീഴ്ത്തിയതിനു പെനാല്‍റ്റി വേണം എന്ന് വാദിച്ചെങ്കിലും വാറിലൂടെ നിരസിച്ചു.
രണ്ടാം പകുതി വളരെ ആവേശത്തോടെയാണ് ആരംഭിച്ചത്. ബെല്ലിംങ്ങ്ഹാമിന്‍റെ ഒരു ബുള്ളറ്റ് ഷോട്ട് വളരെ പ്രായസപ്പെട്ടാണ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയത്. പിന്നാലെ എടുത്ത കോര്‍ണറും ഗോള്‍കീപ്പറുടെ കൈകളില്‍ സുരക്ഷിതമായി എത്തി.
തുടര്‍ച്ചയായ ആക്രമണം ഇംഗ്ലണ്ടിനു പെനാല്‍റ്റിക്ക് വഴിയൊരുക്കി. ബോക്സില്‍ സകയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കെയ്ന്‍ ഗോളാക്കി.
ഗോളടിച്ചതിനെ തുടര്‍ന്ന് പ്രതിരോധം അലസമായതിനെ തുടര്‍ന്ന് രണ്ട് തവണ ഫ്രാന്‍സ് ഗോളിനരികില്‍ എത്തിയെങ്കിലും ഇംഗ്ലണ്ടിന്‍റെ ഭാഗ്യം കൊണ്ട് ഗോള്‍ വഴങ്ങിയില്ലാ. മറുവശത്ത് മഗ്വയുറുടേയും സാകയുടേയും ശ്രമങ്ങളും ലക്ഷ്യത്തില്‍ നിന്നും അകന്നു നിന്നു.
76ാം മിനിറ്റില്‍ ജിറൂദിന്‍റെ ക്ലോസ് റേഞ്ച് ശ്രമം പിക്ഫോഡ് തടഞ്ഞിട്ടെങ്കിലും അടുത്ത ക്രോസ് ജിറൂദ് ലക്ഷ്യത്തില്‍ എത്തിച്ചു.
എന്നാല്‍ ഫ്രാന്‍സ് വീണ്ടുമൊരു പെനാല്‍റ്റി വഴങ്ങി. മൗണ്ടിനെ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ പെനാല്‍റ്റി എടുത്ത കെയ്ന്‍ ബോള്‍ പുറത്തേക്കടിച്ചു കളഞ്ഞു.
പിന്നീട് മത്സരത്തില്‍ ഗോളുകള്‍ ഒന്നും പിറന്നില്ലാ. വിജയത്തോടെ സെമിയില്‍ എത്തിയ ഫ്രാന്‍സ് മൊറോക്കയെ നേരിടും.