റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ ബാംഗ്ലൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാദപരമായ ഗോൾ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ ഭാഗത്തു നിന്നും ആണ് ഉണ്ടായത്.
റഫറി ഫൗൾ വിളിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വാൾ സെറ്റ് ചെയ്യുന്നതിന് മുൻപായി ചേത്രി ഫ്രീ കിക്ക് എടുക്കുകയായിരുന്നു. എന്നാൽ റഫറി ഫൗൾ വിളിച്ചതിനും 20 സെക്കൻഡുകൾക്ക് ശേഷമാണ് ഛേത്രി ഫ്രീ കിക്ക് എടുത്തത്. ആ സമയം കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും സെറ്റ് ആയിരുന്നില്ല. തുടർന്നാണ് പതിവിന് വിപരീതമായി റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മത്സരം ബഹിഷ്കരിക്കാൻ കോച്ച് ഇവാൻ വുകാമനോവിച്ച് കളിക്കാരോട് ആവശ്യപ്പെട്ടത്.
ബ്ലാസ്റ്റേഴ്സ് പരിശീലകനെ പിന്തുണച്ചുകൊണ്ട് ഒഡീഷ എഫ്.സിയുടെ ഉടമ രോഹൻ ശർമ ട്വീറ്റ് ചെയ്ത് രംഗത്തെത്തി. ആ ഗോൾ നിലനിൽക്കുന്നതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈയിൽ എഫ്സിയുടെ ഫുട്ബോൾ ഓപ്പറേഷൻ തലവൻ പ്രഥം ബസു ട്വീറ്റ് ചെയ്തത് ബ്ലാസ്റ്റേഴ്സിന്റെ ഈ ധീരമായ തീരുമാനം ഇന്ത്യൻ ഫുട്ബോളിൽ വളരെ കാലം ചോദ്യം ചെയ്യപ്പെടും എന്നാണ്. മാച്ച് ഒഫീഷ്യൽസുകളിൽ ക്ലബ്ബുകൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ മറ്റ് ഒരു താരം മുൻ ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്ക്കസ് ആണ്.
മലയാളി താരവും മുൻ ബ്ലാസ്റ്റേഴ്സ് താരവുമായ അനസ് എടത്തൊടികയും ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. തൻ്റെ അഭിപ്രായത്തിൽ ഇത് ഒരിക്കലും ഗോൾ അല്ല എന്നാണ് അനസ് എടത്തൊടിക പറഞ്ഞത്. എന്തുതന്നെയായാലും റഫറിയുടെ ഈ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഐഎസ്എൽ നടപടിയെടുക്കും എന്നാണ് ഫുട്ബോൾ വിദഗ്ധർ പറയുന്നത്. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെയും ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും മാനേജ്മെൻ്റും ഇതുവരെയും പ്രതികരിച്ചിട്ടില്ല.