കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങൾക്കും തകർപ്പൻ സ്വീകരണം നൽകി മഞ്ഞപ്പട ആരാധകർ. ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം എന്നാണ് കൊച്ചിയിൽ മടങ്ങിയെത്തിയത്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദം കണ്ട മത്സരത്തിന് ശേഷം എത്തിയ ടീമിന് വമ്പൻ സ്വീകരണം ആയിരുന്നു വിമാനത്താവളത്തിൽ ലഭിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ ആരാധക കൂട്ടം തന്നെ മഞ്ഞപ്പടയെ സ്വീകരിക്കുവാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പരിശീലകൻ ഇവാൻ വുകാമനോവിച്ച് പുറത്തിറങ്ങിയപ്പോൾ തങ്ങൾക്ക് ഒപ്പം ഞങ്ങളുണ്ട് എന്ന് മഞ്ഞപ്പട ആരാധകർ അറിയിച്ചു. പരിശീലകന്റെ പേരിൽ ചാന്റുകൾ പാടിയായിരുന്നു തങ്ങളുടെ പിന്തുണ ആരാധകർ അറിയിച്ചത്.
ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ വിവാദമായ ഗോൾ ആയിരുന്നു നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. അനുവദിക്കാൻ സാധിക്കാത്ത രീതിയിലുള്ള ഗോൾ നേടിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പരിശീലകൻ കളത്തിലേക്ക് ഇറങ്ങിവന്ന് തന്റെ താരങ്ങളോട് തിരികെ വരുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട സംഭവമാണ് ഇന്നലെ നടന്നത്.
പലപ്പോഴും ലീഗിലെ മോശം റഫറിങ്ങിന് എതിരെ പരിശീലകൻ രംഗത്ത് വന്നിട്ടുണ്ട്. സഹികെട്ടതോടെയാണ് ഇന്നലെ ഇത്തരം ഒരു നീക്കത്തിലേക്ക് പരിശീലകനും താരങ്ങളും നീങ്ങിയത്. എന്തുതന്നെയായാലും ചേത്രി നേടിയ ഗോളിൽ ബാംഗ്ലൂരിന് റഫറി വിജയം സമ്മാനിച്ചു. കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകനും എതിരെ എന്ത് നടപടികളാണ് എടുക്കുക എന്ന കാര്യത്തിൽ ഇതുവരെയും യാതൊരുവിധ അറിവും പുറത്തുവന്നിട്ടില്ല.