പത്ത് കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ് ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ ഫാകുണ്ടോ പെരേര ഇപ്പോൾ തന്റെ പ്രകടന മികവ് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് മധ്യനിര തന്റെ ക്യാൻവാസ് ആക്കി മാറ്റിയിരിക്കുകയാണ്.
സ്പാനിഷ് മധ്യനിര താരവും ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ക്യാപ്റ്റനുമായിരുന്ന സെർജിയോ സിഡോ പരിക്ക് മൂലം ടീം വിട്ടപ്പോൾ മധ്യനിരയുടെ കടിഞ്ഞാൺ ഈ മുപ്പത്തിമൂന്നുകാരൻ സ്വയം ഏറ്റെടുക്കുകയാണ് ഉണ്ടായത്.
മികച്ച പ്രകടനം പുറത്തെടുത്ത താരം ഒരു അസിസ്റ്റും, പതിനെട്ട് ടാക്കിളും, മൂന്ന് ചാൻസുകളുമാണ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്. മുന്നേറ്റ നിരയിൽ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറുമായി നല്ലൊരു ഒത്തിണക്കം താരം കാണിക്കുന്നുണ്ട്.
ജംഷഡ്‌പൂരിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരം ലാൽറുവാത്താര പുറത്തായപ്പോൾ 10 പേരുമായി പൊരുതിയ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ എൻജിനായി താരം കളം നിറഞ്ഞു കളിച്ചു. 2-3 നു ജയിച്ച അന്നത്തെ കളിയിലെ യഥാർത്ഥ ഹീറോ ഫാകുണ്ടോ പെരേര തന്നെയാണെന്ന് നമ്മുക്ക് നിസംശയം പറയാം.
സീസൺ പാതി വഴി എത്തിനിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാൾ എന്ന പട്ടം തന്റെ കഠിനാധ്വാനം കൊണ്ട് ഈ അർജന്റീനക്കാരൻ സ്വന്തമാക്കി കഴിഞ്ഞു. വരും കളികളിൽ താരത്തിന്റെ പ്ലേയ്‌മേക്കിങ് മികവിനെ ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് എന്നുള്ളത് തീർച്ച.