ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയ ബ്രസീൽ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി തകർപ്പൻ വിജയത്തോടെ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശനം നേടി. സൗത്ത് കൊറിയക്കെതിരെ തികച്ചും ഏകപക്ഷീയമായ വിജയമായിരുന്നു മഞ്ഞപ്പട ഇന്നലെ നേടിയത്. മത്സരം തുടങ്ങി ആദ്യ അരമണിക്കൂർ തികയുന്നതിന് മുൻപ് തന്നെ സൗത്ത് കൊറിയയുടെ വലയിലേക്ക് മൂന്ന് തവണ ബ്രസീൽ പന്ത് എത്തിച്ചിരുന്നു.
ബ്രസീലിനു വേണ്ടി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് വല കുലുക്കിയത്. പരിക്കിൽ നിന്നും മോചിതനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മർ 13 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. ഇപ്പോഴിതാ താരം നേടിയ പെനാൽറ്റി കൊറിയൻ ഗോൾ കീപ്പർ കിം സ്യു ഗ്യുവിനെ അവഹേളിക്കുന്ന രീതിയിൽ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഡീൻ ആഷ്ടൻ.
“നെയ്മർ പെനാൽറ്റിയിലൂടെ സൗത്ത് കൊറിയൻ ഗോൾകീപ്പറെ അവഹേളിക്കുകയാണ് ചെയ്തത്. സൗത്ത് കൊറിയൻ ഗോൾകീപ്പർ തികഞ്ഞ അവഹേളനമാണ് നെയ്മറിൽ നിന്നും നേരിട്ടത്. അദ്ദേഹം സമയമെടുത്ത് ചാടി ഗോൾകീപ്പർ പിറകിൽ ആകുന്നത് വരെ കാത്തിരിക്കുന്നു. അതിനുശേഷം മറ്റേ മൂലയിലേക്ക് പന്ത് തട്ടിയിടുന്നു. എത്രമാത്രം കൂളായിട്ടാണ് അദ്ദേഹം അത് ചെയ്യുന്നത്.”- മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്ട്രൈക്കർ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിൽ മികച്ച താരമായി തിരഞ്ഞെടുത്തത് നെയ്മറിനെ ആയിരുന്നു. ഇന്നലെ ഗോൾ നേടിയതോടെ ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിൽ രണ്ടാം സ്ഥാനത്ത് എത്താനും നെയ്മറിന് സാധിച്ചു. 77 ഗോളുകളുമായി പെലെ ആണ് ഒന്നാം സ്ഥാനത്ത്. 76 ഗോളുകളാണ് നെയ്മറിന് ഉള്ളത്. ഇന്നലെ വല കുലുക്കിയതോടെ ഏഴ് ഗോളുകളാണ് ലോകകപ്പിൽ താരം ഇതുവരെ നേടിയത്.