ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി തനിക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടുന്നതിനായി തൻ്റെ 7 ബാലൻ ഡി ഓർ പുരസ്കാരങ്ങളും പകരം നൽകിയേനെ എന്ന് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. തൻ്റെ വ്യക്തിഗത നേട്ടങ്ങളെക്കാൾ മെസ്സിയുടെ ഏറ്റവും വലിയ വാശി രാജ്യത്തിന് വേണ്ടി ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കുക എന്നതായിരുന്നു എന്നും മാർട്ടിനസ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് മാർട്ടിനസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“മെസ്സിക്കൊപ്പം കളിക്കുന്നത് ഞാൻ ഏറെ ആസ്വദിച്ചിരുന്നു. ഞാനത് വളരെ അഭിമാനത്തോടെ പ്രായമായി കഴിയുമ്പോൾ എൻ്റെ മക്കളോടും കൊച്ചുമക്കളോടും പറയും. പക്ഷേ നമ്മൾ ഒന്നിച്ചിരിക്കുമ്പോൾ ആണെങ്കിലും സാക്ഷാൽ ലിയോ ആണ് കൂടെയുള്ളത്. ഈ ടീമിലെ ആളുകളെല്ലാം മികച്ചത് ആകുന്നത് അതുകൊണ്ടാണ്. ഞങ്ങൾക്ക് അറിയാം അദ്ദേഹം ഫുട്ബോളിൽ നേടിയ നേട്ടങ്ങൾ എന്തൊക്കെയാണെന്ന്.
അതിനെ ഞങ്ങൾ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ആകെ വേണ്ടിയിരുന്നത് ദേശീയ ടീമിന് വേണ്ടി ഒരു കിരീടമായിരുന്നു. എന്നോട് അത് പറയാറുണ്ടായിരുന്നു. ഒരു കോപ്പ അമേരിക്കക്ക് വേണ്ടി അദ്ദേഹം തന്റെ എല്ലാ ബാലൻ ഡി ഓറും പകരം കൊടുക്കാൻ തയ്യാറായിരുന്നു. അദ്ദേഹം ഇക്കാര്യം പറയുന്നത് ഞാൻ കേട്ടത് കോപ്പയുമായി ബ്രസീലിൽ നിന്നും അർജൻ്റീനയിലേക്ക് വരുമ്പോഴാണ്.
അദ്ദേഹം പറഞ്ഞത് ‘ഈ ഒരു കാര്യമാണ് എനിക്ക് എൻ്റെ ഫുട്ബോൾ കരിയറിൽ വേണ്ടിയിരുന്നത്’എന്നായിരുന്നു. എനിക്കും അത് തന്നെയാണ് വേണ്ടത് എന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതിൽ ആ നിമിഷം എനിക്കേറെ അഭിമാനം തോന്നിയിരുന്നു. ക്ലബ്ബ് തലത്തിൽ അദ്ദേഹം എല്ലാം നേടിയിരുന്നു. പക്ഷേ അപ്പോഴെല്ലാം അദ്ദേഹം ചിലത് മിസ്സ് ചെയ്തിരുന്നു.”-മാർട്ടിനസ് പറഞ്ഞു.