സമ്മർദ്ദമുണ്ട്, പക്ഷെ രാജസ്ഥാൻ അതിജീവിച്ച് വിജയിക്കും. സഞ്ജുവിന്റെ വാക്കുകൾ.

Rajasthan royals sanju samson 2022 scaled

2022ലെ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ടീമുകളിൽ ഒന്നായിരുന്നു മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച രാജസ്ഥാൻ സീസണിന്റെ ഫൈനലിലും എത്തിയിരുന്നു. ഫൈനലിൽ ഗുജറാത്ത് ടൈറ്റാൻസിനോടാണ് രാജസ്ഥാൻ പരാജയമേറ്റുവാങ്ങിയത്. 2023ലെ സീസണിലേക്ക് വരുമ്പോഴും കഴിഞ്ഞവർഷത്തെ പ്രകടനത്തിന്റെ സമ്മർദ്ദം നിലനിൽക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ ടീം നായകൻ സഞ്ജു സാംസൺ പറയുന്നത്. കഴിഞ്ഞവർഷം രാജസ്ഥാൻ അവിസ്മരണീയമായ രീതിയിലാണ് കളിച്ചതെന്നും, അത് ഈ വർഷവും തുടരാൻ തന്നെയാണ് തങ്ങൾ ശ്രമിക്കുന്നതെന്നും സഞ്ജു സാംസൺ പറയുകയുണ്ടായി.

“എന്റെ പതിനെട്ടാം വയസ്സിലാണ് ഞാൻ രാജസ്ഥാൻ ടീമിനൊപ്പം ചേർന്നത്. ഇപ്പോൾ എനിക്ക് 28 വയസ്സായി. ഒരിക്കലും ഈ യാത്ര മറക്കാനാവില്ല. കഴിഞ്ഞ 10 വർഷങ്ങൾ ഒരുപാട് ആവേശവും വെല്ലുവിളിയും നിറഞ്ഞതായിരുന്നു. രാജസ്ഥാനാണ് എല്ലായ്പ്പോഴും എന്റെ ടീം. അവർ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്നതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനത്തിന്റെ സമ്മർദ്ദം ഞങ്ങൾക്ക് ഇത്തവണയുമുണ്ട്. 2022ലെ ഐപിഎല്ലിൽ ഒരു സ്വപ്നതുല്യമായ പ്രകടനമായിരുന്നു ഞങ്ങൾ കാഴ്ചവച്ചത്. കഴിഞ്ഞതവണ ഫൈനലിൽ എത്തിയതിനാൽ തന്നെ ഇത്തവണയും ആളുകൾ ഞങ്ങളുടെ മേൽ ഒരുപാട് പ്രതീക്ഷകൾ വയ്ക്കുന്നുണ്ട്. അതിനാൽതന്നെ നന്നായി കളിക്കുക എന്നതല്ലാതെ ഞങ്ങൾക്കു മുൻപിൽ മറ്റൊരു വഴിയില്ല. ഇത്തവണയും അത്തരത്തിൽ മികച്ച പ്രകടനത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- സഞ്ജു സാംസൺ പറഞ്ഞു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
cropped-Sanju-samson-and-hetmeyer-scaled-1.jpg

ഒപ്പം തങ്ങളുടെ ടീമിൽ കുമാർ സംഗക്കാര എന്ന പരിശീലകൻ ഉണ്ടാക്കിയിരിക്കുന്ന ഇമ്പാക്റ്റിനെപറ്റിയും സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. “കുമാർ സംഗക്കാരയെ ഞങ്ങളുടെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമായി കാണുന്നു. അദ്ദേഹം ഒരു ഇതിഹാസതാരമാണ്. ഡ്രസിങ് റൂമിലും, മൈതാനത്ത് പരിശീലനം നടത്തുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങൾക്ക് കൂടുതൽ പ്രചോദനമാകുന്നു. അദ്ദേഹത്തിന്റെ വലിയ പരിചയസമ്പന്നതയ്‌ക്കോപ്പം ചേർന്ന് ഞങ്ങൾ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ക്വാഡിന്റെ മെച്ചത്തിനായി അദ്ദേഹം സ്ഥിരമായി വ്യത്യസ്തമായ തന്ത്രങ്ങൾ ആലോചിക്കാറുണ്ട്.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

2022ൽ തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ചവച്ചത്. ജോസ് ബട്ലറായിരുന്നു കഴിഞ്ഞതവണത്തെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് വിന്നർ. ഒപ്പം ജയസ്വാളും ഹെറ്റ്മെയറും സഞ്ജു സാംസനുമടങ്ങുന്ന ടീം എല്ലാത്തരത്തിലും ഇത്തവണയും കരുത്തനാണ്. മാത്രമല്ല ഇംഗ്ലണ്ട് താരം ജോ റൂട്ട് കൂടി ടീമിനൊപ്പം ചേർന്നതോടെ രാജസ്ഥാൻ കൂടുതൽ കരുത്തരായി മാറിയിരിക്കുന്നു.

Scroll to Top