ക്രൊയേഷ്യയെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലില്‍ പ്രവേശിച്ചത്. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളിന്റെയും നായകൻ ലയണൽ മെസ്സിയുടെ ഒരു ഗോളിന്റെയും പിൻബലത്തിലാണ് യൂറോപ്പ്യൻ ടീമിനെ പരാജയപ്പെടുത്തിയത്.
ഇപ്പോഴിതാ അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകത്തുള്ള മറ്റെല്ലാവരോടുമാണ് അർജൻ്റീന പോരാടുന്നത് എന്നാണ് അര്‍ജന്‍റീനയുടെ കാവൽക്കാരൻ പറഞ്ഞത്. “ഞങ്ങൾ ആദ്യം മത്സരത്തിൽ പരാജയപ്പെട്ടു. അപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞു. ആരാധകരും ആളുകളും ഞങ്ങളെ സംശയിക്കാൻ തുടങ്ങി.
എല്ലാവരും ആഗ്രഹിച്ചത് ഞങ്ങളുടെ തോൽവി ആയിരുന്നു. അതുകൊണ്ടുതന്നെ റസ്റ്റ് ഓഫ് ദി വേള്‍ഡുമായിട്ടാണ് അർജൻ്റീനയുടെ പോരാട്ടം. എന്നാൽ 45 ദശലക്ഷം അർജൻ്റീനക്കാർ ഞങ്ങൾക്ക് പിന്നിലുണ്ട്. അതിശയകരമായ കാര്യമാണ് ഇത്. ഞങ്ങൾക്ക് അർജൻ്റീനയിലെ തെരുവുകളിലെ ജനക്കൂട്ടത്തെ ഫീൽ ചെയ്യാം. തെരുവുകളിൽ എല്ലാം അർജൻ്റീനക്കാർ നിറഞ്ഞിരിക്കുകയാണ്.
ഞങ്ങൾക്ക് കളിക്കുമ്പോൾ എല്ലാം തോന്നുന്നത് ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ട് ആണെന്നാണ്. ഞങ്ങൾ കളിക്കുന്ന എല്ലാ ഗ്രൗണ്ടിലും 40000, 50000 അർജൻ്റീനക്കാരാണ് ഉള്ളത്. ഇത്രയും പിന്തുണ ലഭിക്കുന്നതിൽ അതിയായ സന്തോഷം ഞങ്ങൾക്കുണ്ട്- മാർട്ടിനസ് പറഞ്ഞു.